പച്ച വര്‍ഗീയതയാണ് പിണറായി വിജയന്‍ പറയുന്നത്, സിപിഎമ്മിന്റേത് ബിജെപിയെ വളര്‍ത്താനുള്ള തന്ത്രം: രമേശ് ചെന്നിത്തല

യുഡിഎഫിനെ അപ്രസക്തമാക്കി കൊണ്ട് ബിജെപിയെ വളര്‍ത്താനുള്ള തന്ത്രമാണ് സിപിഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്
രമേശ് ചെന്നിത്തല/ ഫയൽ ചിത്രം
രമേശ് ചെന്നിത്തല/ ഫയൽ ചിത്രം

തിരുവനന്തപുരം: പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ വിശ്വാസികളെ അപമാനിച്ച പിണറായി വിജയന്‍ ഇപ്പോള്‍ മുസ്ലീം ലീഗിനേയും കോണ്‍ഗ്രസിനേയും പഴിക്കുന്നതിന് പിന്നില്‍ എന്തെന്ന് മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ അപ്രസക്തമാക്കി കൊണ്ട് ബിജെപിയെ വളര്‍ത്താനുള്ള തന്ത്രമാണ് സിപിഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ബിജെപിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളത്തിലെ ജനങ്ങളുടേത് മതേതര മനസാണെന്നും ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും.
ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി.ജെ
പിയെ വളർത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തിൽ വിജയിക്കുകയില്ല.
ബി.ജെ.പിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങൾക്കുണ്ട്.കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.ആ മനസിനെ വിഷലിപ്തം ആക്കാനുള്ള പ്രചരണങ്ങളാണ് സി.പി.എം അഴിച്ചുവിടുന്നത്.വിവിധ മതങ്ങൾ തമ്മിൽ, വിവിധ സമുദായങ്ങൾ തമ്മിൽ, വിവിധ ജാതികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഈ തെരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തിൽ മതസ്പർദ്ധ വളർത്താനും വർഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂർവമായ നീക്കമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാലും പ്രസ്താവനകൾ പരിശോധിച്ചാലും ഇടതുമുന്നണിയുടെ കൺവീനറുടെ പോസ്റ്റുകൾ പരിശോധിച്ചാലും കേരളത്തിൽ വർഗീയധ്രുവീകരണം ഉണ്ടാക്കാനും അതിലൂടെ തങ്ങളുടെരാഷ്ട്രീയ താൽപര്യങ്ങൾ നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ വ്യക്തമായി കാണാം.
പിണറായി വിജയൻ്റെയും സി.പി.എമ്മിൻ്റെയും വർഗീയ പ്രചാരണങ്ങൾ കേരള ജനത തള്ളിക്കളയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com