ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍;  യുഡിഎഫിനെ നയിക്കുന്നത് ലീഗല്ലെന്നും കെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2020 01:11 PM  |  

Last Updated: 20th December 2020 01:11 PM  |   A+A-   |  

congress leader muralidharan

കെ മുരളീധരന്‍ / ഫയല്‍ ചിത്രം

 

കോഴിക്കോട്: യുഡിഎഫിനെ നയിക്കുന്നത് മുസ്ലീംലീഗല്ലെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസാണ് മുന്നണിക്ക്‌ നേതൃത്വം നല്‍കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നേതൃമാറ്റം കൊണ്ട് കാര്യമില്ലെന്നും കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ കുട്ടിച്ചേര്‍ത്തു. മുരളീധരനെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലും കോഴിക്കോട്ടും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. 

ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ്തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന് കാരണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോയി. യുഡിഎഫിന് ലഭിക്കേണ്ട കുറച്ചു വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക-പിന്നാക്ക സംവരണത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും സര്‍ക്കാര്‍ മുന്നാക്ക സംവരണം കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

എല്‍ഡിഎഫിന്റെ എസ്ഡിപിഐ ബന്ധത്തിന് തെളിവുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എല്ലാ കക്ഷികളെയും എല്‍ഡിഎഫ് ഇത്രയും കാലം കൊണ്ടുനടക്കുകയായിരുന്നു. ഇത്തവണ ആദ്യമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫുമായി പിരിഞ്ഞ് മത്സരിച്ചത്'. എസ്ഡിപിഐ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.