വാഗമണിലെ മയക്കുമരുന്ന് നിശാപാര്‍ട്ടി; റിസോര്‍ട്ട് ഉടമയായ ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കുമെന്ന് സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2020 12:10 PM  |  

Last Updated: 21st December 2020 12:10 PM  |   A+A-   |  

Shaji Kuttikkad will be expelled from

ഷാജിയുടെ പ്രവൃത്തി കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി

 

തൊടുപുഴ: വാഗമണില്‍ മയക്കുമരുന്ന് നിശാ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയായ ഷാജി കുറ്റിക്കാടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ ശിവരാമന്‍. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഷാജി, സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയാണ്. തീരുമാനം ഇന്നുതന്നെ എടുക്കുമെന്നും ശിവരാമന്‍ വ്യക്തമാക്കി. ഷാജിയുടെ പ്രവൃത്തി കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

കേസില്‍ ഷാജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് നിശാപാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഷാജി പറഞ്ഞു. ജന്മദിന ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പറഞ്ഞു. റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശിയായ ഏണസ്റ്റ് എന്നയാളാണെന്നും ഷാജി വെളിപ്പെടുത്തി.

എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നുവെന്നും എട്ടുമണിക്ക് മുന്‍പ് റിസോര്‍ട്ട് വിടണമെന്ന് പറഞ്ഞിരുന്നെന്നും ഇയാള്‍ പറഞ്ഞു. 

കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിശാ പാര്‍ട്ടി സംഘടിപ്പിച്ചവരാണ് അറസ്റ്റിലായത് എന്നാണ് വിവരം. സ്ത്രീകള്‍ ഉള്‍പ്പെടെ അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രിയോടെയാണ് വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.