സിസ്റ്റര്‍ അഭയ കേസില്‍ വിധി നാളെ ; സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകം

By സമകാലികമലയാളം ഡെസ്ക്  |   Published: 21st December 2020 09:15 AM  |  

Last Updated: 21st December 2020 09:15 AM  |   A+A-   |  

Sister Abhaya

സിസ്റ്റര്‍ അഭയ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ കോടതി നാളെ വിധി പറയും. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി പറയുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.  

രഹസ്യമൊഴി നല്‍കിയ സാക്ഷി ഉള്‍പ്പെടെ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്. സിബിഐ കേസ് ഏറ്റെടുത്ത് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍ എന്നിവരും സിസ്റ്റര്‍ സെഫിയുമായുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 

തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവലിനെ പ്രതിയാക്കി. മുന്‍ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേര്‍ത്തു. സാമുവല്‍ മരിച്ചതിനെ തുടര്‍ന്ന് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. ഫാ.ജോസ് പുതൃക്കയിലിന്റെയും കെടി.മൈക്കളിന്റെയും വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതിസ്ഥാനത്തുനിന്നും കോടതി ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. വിചാരണ തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം കോടതിയില്‍ സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 

49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കൂറുമാറി. മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കോണ്‍വെന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് രാജുവിന്റെ മൊഴി. കന്യകാത്വം തെളിയിക്കാന്‍ സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തിയെന്നടക്കം ഫൊറന്‍സിക് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് കേസില്‍ വാദം പൂര്‍ത്തിയായത്.