ഇന്ന് ചോദ്യം ചെയ്യല്‍ ഇല്ല ; വൈദ്യപരിശോധന ഉണ്ടെന്ന് ഇഡിക്ക് രവീന്ദ്രന്റെ കത്ത്
By സമകാലികമലയാളം ഡെസ്ക് | Published: 21st December 2020 10:39 AM |
Last Updated: 21st December 2020 10:42 AM | A+A A- |

സി എം രവീന്ദ്രന് / ഫയല്‍ ചിത്രം
കൊച്ചി : നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യാനിരുന്നത് എന്‍ഫോഴ്സ്മെന്റ് മാറ്റിവെച്ചു. വൈദ്യ പരിശോധന ഉണ്ടെന്ന് കാണിച്ച് സി എം രവീന്ദ്രന് ഇഡിക്ക് കത്തു നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്.
രണ്ട് ദിവസത്തെ സമയം കൂടി വേണമെന്നും രവീന്ദ്രന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇമെയില്‍ വഴിയാണ് കത്ത് അയച്ചത്. ഇന്നുരാവിലെ ഹാജരാകണമെന്ന് രവീന്ദ്രന് ഇഡി നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
സ്വപ്നയെ ചോദ്യം ചെയ്തതില്‍ നിന്നും ഇഡിക്ക് രവീന്ദ്രനെതിരെ പുതിയ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല എന്നാണ് സൂചന. ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ ഡിയുടെ ചോദ്യത്തിന് രവീന്ദ്രന് വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന നേരത്തെ മൊഴി നല്‍കിയിരുന്നു.