'തുടരണം ഈ ഭരണം'; പിണറായിയുടെ കേരള പര്യടനം നാളെ മുതല്‍;  പൊതുസമ്മേളനം ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ചൊവ്വാഴ്ച കൊല്ലത്ത് തുടക്കം
മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രം /ഫെയ്‌സ്ബുക്ക്‌
മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രം /ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ചൊവ്വാഴ്ച കൊല്ലത്ത് തുടക്കം. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടപത്രിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നിന്നും മുഖ്യമന്ത്രി ആശയം തേടും.  പര്യടനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉണ്ടാവില്ല. 

കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ പ്രഭാതഭക്ഷണത്തോടെയാണ് പര്യടന പരിപാടി ആരംഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുപത്തിയഞ്ചു പേരെയാണ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്. തുടര്‍ന്ന് പത്തരയോടെ ക്ഷണിക്കപ്പെട്ട നൂറ് പേരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തും. വ്യവസായികള്‍, അഭിഭാഷകര്‍, സാഹിത്യകാരന്‍മാര്‍, കലാകാരന്‍മാര്‍, മാധ്യമപ്രതിനിധികള്‍ തുടങ്ങിവര്‍ സംവാദത്തില്‍ പങ്കെടുക്കും. 

ഇടതുമുന്നണി സര്‍ക്കാരില്‍ നിന്നുള്ള ഇനിയുള്ള മാസങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ത്, വരുന്ന തെരഞ്ഞെടുപ്പില്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതാവണം പ്രകടനപത്രിക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി ചോദിച്ചറിയുക. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. 

ഉച്ചക്ക് ശേഷം പത്തനംതിട്ടയിലാണ് ആദ്യദിനം പര്യടനം. ഒരു ദിവസം രണ്ടു ജില്ലകളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തുക. നിയമസഭ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമായെന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് സന്ദേശം നല്‍കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടും മുന്‍പേ മുഖ്യമന്ത്രി യാത്ര ആരംഭിക്കുന്നത് അണികളിലും ആവേശം നിറയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com