കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍; കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവു നശിപ്പിക്കല്‍ തെളിഞ്ഞെന്ന് വിധിന്യായം

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്
ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍
ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍

തിരുവനന്തപുരം: അഭയ കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞതായി പ്രത്യേക സിബിഐ കോടതി. കൊലപാതകത്തിനു പുറമേ തോമസ് കോട്ടൂരിനെതിരെ അതിക്രമിച്ചു കടക്കല്‍, സിസെഫിക്കെതിരെ തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികള്‍ വിധിയോടു പ്രതികരിച്ചത്. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും.

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് െ്രെകംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പു മരിച്ചു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസ് ഹാജരായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com