നടപടി ഭരണഘടനാ വിരുദ്ധം; ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളാനാകില്ല; ഗവര്‍ണര്‍ക്ക് കടുത്ത ഭാഷയില്‍ കത്തയച്ച് മുഖ്യമന്ത്രി

നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല.
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് കടുത്തഭാഷയില്‍ കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു.

സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്.  ഭക്ഷ്യസാധനങ്ങള്‍ക്ക് മറ്റ്  സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ട്.

മാത്രമല്ല, ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്.  സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല.

രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്.  പഞ്ചാബ് സംസ്ഥാനവും ഷംസീര്‍ സിങും തമ്മിലുള്ള കേസില്‍ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സര്‍ക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച കമ്മീഷന്‍ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com