വീട്ടമ്മയുടെ മൊബൈൽ ഫോൺ ഓടയിൽ വീണു; വൻ സന്നാഹവുമായി എത്തി അ​ഗ്നിരക്ഷാ സേനയുടെ മൂന്ന് മണിക്കൂർ നീണ്ട ദൗത്യം!

വീട്ടമ്മയുടെ മൊബൈൽ ഫോൺ ഓടയിൽ വീണു; വൻ സന്നാഹവുമായി എത്തി അ​ഗ്നിരക്ഷാ സേനയുടെ മൂന്ന് മണിക്കൂർ നീണ്ട ദൗത്യം!
പ്രതീകാത്മക ചിത്രം/ ഫയല്‍
പ്രതീകാത്മക ചിത്രം/ ഫയല്‍

കോട്ടയം: വീട്ടമ്മയുടെ ഹാൻഡ് ബാ​ഗിൽ നിന്ന് മൊബൈൽ ഫോൺ ഓടയിൽ വീണപ്പോൾ കണ്ടെത്തി നൽകി അ​ഗ്നിരക്ഷാ സേന. നഗര മധ്യത്തിൽ ഓടയിലേക്കു വീണ മൊബൈൽ ഫോൺ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന കണ്ടെടുത്തത്. കോട്ടയം പുളിമൂട് ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ആലപ്പുഴ ചമ്പക്കുളം വല്ലേലിൽ ആലീസ് ജോസിന്റെ മൊബൈൽ ഫോണാണ് ഓടയിൽ വീണത്. സുഹൃത്തിനൊപ്പം വഴിയരികിലൂടെ നടക്കുമ്പോൾ ഹാൻഡ് ബാഗിൽനിന്ന് കുട എടുക്കുന്നതിനിടയിലാണ് ഫോൺ ഓടയിലേക്ക് വീണത്. ഫോണിന്റെ കവറിനുള്ളിൽ പണം കൂടിയുള്ളതിനാൽ സമ്മർദത്തിലായ ആലീസ് ഉടൻ അടുത്ത കടയിലുള്ളവരെയൊക്കെ കൂട്ടി ഫോണെടുക്കാൻ ശ്രമിച്ചു.

പല രീതിയിൽ ശ്രമിച്ചിട്ടും സ്ലാബ് ഇളക്കിമാറ്റി ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അതോടെ, അഗ്നിരക്ഷാ സേനയെ വിളിക്കുകയായായിരുന്നു. 12.20-ഓടെ വലിയ സന്നാഹവുമായെത്തിയ അഗ്നിരക്ഷാ സേന ഇത് അനായാസം എടുക്കാൻ കഴിയുമെന്നാണ് ആദ്യം കരുതിയത്. 

ഒൻപതിഞ്ച് കനമുള്ള സ്ലാബ് നന്നായി സിമന്റിട്ട് ഉറപ്പിച്ചിരുന്നതിനാൽ ഇളക്കിയെടുക്കാൻ കഴിഞ്ഞില്ല. അവസാനം ഓടയുടെ സ്ലാബിന്റെ ഒരു ഭാഗത്ത് കമ്പിപ്പാരയും ഡ്രില്ലറുമുപയോഗിച്ച് ദ്വാരമുണ്ടാക്കി. തുടർന്ന്, ടോർച്ച് വെളിച്ചത്തിൽ ഫോൺ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com