എംഎല്‍എമാരും മന്ത്രിമാരും പണം വാങ്ങി കേസ് മൂടി വച്ചു; 28 കൊല്ലങ്ങള്‍ക്ക് ശേഷം ഈ വിധി വന്നത് ദൈവത്തിന്റെ ഇടപെടല്‍- അഭയയുടെ സഹോദരന്‍

എംഎല്‍എമാരും മന്ത്രിമാരും പണം വാങ്ങി കേസ് മൂടി വച്ചു; 28 കൊല്ലങ്ങള്‍ക്ക് ശേഷം ഈ വിധി വന്നത് ദൈവത്തിന്റെ ഇടപെടല്‍- അഭയയുടെ സഹോദരന്‍
സിസ്റ്റർ അഭയയും സഹോദരനും/ ഫയൽ
സിസ്റ്റർ അഭയയും സഹോദരനും/ ഫയൽ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി അഭയയുടെ കുടുംബം. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതിയാണ് വിധിച്ചത്. 

ദൈവത്തിന് നന്ദി പറയുന്നതായി അഭയയുടെ സഹോദരന്‍ ബിജു പറഞ്ഞു. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാണ് 28 വര്‍ഷത്തിന് ശേഷം ഇത്തരത്തില്‍ വിധി വന്നത്. ജഡ്ജിയുടെ നല്ല മനസിന് നന്ദി പറയുന്നതായും ബിജു വ്യക്തമാക്കി. 

മാധ്യമങ്ങളോടും കടപ്പാടുണ്ട്. മാധ്യമങ്ങള്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കലടക്കമുള്ള എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഈ കേസില്‍ ഇന്നൊരു വിധി വന്നതെന്നും ബിജു പറയുന്നു. 

ഒരുപാടുപേര്‍ക്ക് സംശയമുണ്ടായിരുന്നു ഈ കേസ് സംബന്ധിച്ച്. പൈസയുടെ പുറത്ത് ഈ കേസ് മൂടി പോകും തെളിയില്ല എന്നൊക്കെ പലരും ആശങ്കപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ശരിക്കും ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായി. എത്രയോ തവണ ഫയലുകള്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഓരോ തവണയും മുകളിലേക്ക് കേസ് എടുക്കാന്‍ ദൈവം പ്രേരിപ്പിക്കുകയായിരുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. 

ഒരു മണിക്കൂര്‍ കൊണ്ട് തെളിയേണ്ട കേസാണ് 28 വര്‍ഷം നീണ്ടത്. പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഇല്ലെങ്കില്‍ ലോക്കല്‍ പൊലീസ് മര്യാദയ്ക്ക് കേസന്വേഷിക്കുമായിരുന്നു. എന്നാല്‍ എംഎല്‍എമാരും മന്ത്രിമാരും ഉന്നത പൊലീസുദ്യോഗസ്ഥരുമള്‍പ്പെടെ പലരും പണം വാങ്ങി കേസ് മൂടിവയ്ക്കുകയായിരുന്നുവെന്നും അഭയയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com