ഐപിസി 302, 201, 449 വകുപ്പുകള്‍; ഫാ. കോട്ടൂരിനും സി. സെഫിക്കുമുള്ള ശിക്ഷ അല്‍പ്പ സമയത്തിനകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2020 10:28 AM  |  

Last Updated: 23rd December 2020 10:28 AM  |   A+A-   |  

kottoor sefi accused in abhaya case

ഫാ. കോട്ടരൂം സിസ്റ്റര്‍ സെഫിയും/വിന്‍സെന്റ് പുളിക്കല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി അല്‍പ്പ സമയത്തിനകം പ്രഖ്യാപിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 302, 201, 449 എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. 

വധശിക്ഷയോ ജീവപര്യന്തമോ ആണ് ഐപിസി 302 (കൊലപാതകം) വകുപ്പു പ്രകാരമുള്ള ശിക്ഷ. തടവുശിക്ഷയാണെങ്കില്‍ ഒപ്പം പിഴയും വിധിക്കാം. 201 (തെളിവു നശിപ്പിക്കല്‍) വകുപ്പു പ്രകാരം ഏഴു വര്‍ഷം വരെ തടവും പിഴയും വിധിക്കപ്പെടാം. 449 (അതിക്രമിച്ചു കടക്കല്‍) പ്രകാരം പത്തു വര്‍ഷത്തില്‍ കൂടാത്ത കഠിന തടവാണ് ശിക്ഷ.

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ. ആദ്യം ലോക്കല്‍ പൊലീസും പിന്നീട്‌ ്രൈകംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പു മരിച്ചു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് കേസ് പരിഗണിച്ചത്.