ജനങ്ങളെ ചേരിതിരിച്ച് സമരം പൊളിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്തവര്‍; കുതന്ത്രങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട;  ബിജെപിക്കെതിരെ മുഖ്യമന്ത്രി

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
എല്‍ഡിഎഫിന്റെ കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു
എല്‍ഡിഎഫിന്റെ കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ചേരിതിരിവുണ്ടാക്കി സമരം പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എല്ലാരീതിയിലും രാജ്യത്തിന്റെ പൊതുവായ ആവശ്യമാണ്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് സാധാരണ നിലയില്‍ നല്‍കേണ്ട അംഗീകാരവും ആദരവും നല്‍കാതെയാണ് രാജ്യത്തെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ താത്പര്യമല്ല ഉയര്‍ത്തിപ്പിടിക്കുന്നത്. സകലതും പിടിച്ചെടുക്കാന്‍ നോക്കുന്ന കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ് ബിജെപി സര്‍ക്കാര്‍ ആദ്യം പരിഗണിക്കുന്നത്.- അദ്ദേഹം പറഞ്ഞു. 

ജനങ്ങളെ ചേരിതിരിച്ച് സമരങ്ങളെ പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ബിജെപിക്കാര്‍. പക്ഷേ അവരുടെ ഒരു കുതന്ത്രവും കര്‍ഷര്‍ക്ക് നേരെ ചെലവായില്ല. എല്ലാവരും ഏകോപിതമായി പ്രക്ഷോഭ രംഗത്തുവന്നു. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് എന്തും അടിച്ചമര്‍ത്തി കളയാം എന്ന ധാര്‍ഷ്ട്യത്തിനാണ് കര്‍ഷകര്‍ മറുപടി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടായാല്‍ ആദ്യം ബാധിക്കുന്നത് കേരളത്തെയായിരിക്കും. നമുക്ക് വേണ്ട അരി ഇവിടെ ഉത്പാദിക്കാന്‍ സ്വയം പര്യാപ്തത കേരളം നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭം അടിച്ചമര്‍ത്തി കളയാമെന്ന് തെറ്റിദ്ധരിക്കരുത്. കുതന്ത്രങ്ങള്‍ ഉപയോഗിച്ച് തളര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com