28 വര്‍ഷത്തിന് ശേഷം നീതി; അഭയ കേസില്‍ ശിക്ഷാവിധി ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2020 07:00 AM  |  

Last Updated: 23rd December 2020 07:00 AM  |   A+A-   |  

abhaya case verdict

ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍


തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കുള്ള ശിക്ഷ  പ്രത്യേക സിബിഐ കോടതി ഇന്ന് വിധിക്കും. 28 വർഷം നീണ്ട നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽ കുമാർ കണ്ടെത്തിയത്.

രണ്ടു പ്രതികൾക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി ശരിവെച്ചു. പ്രതികൾ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെത്തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കോൺവെന്റിൽ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്‌.  

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി രാവിലെ പതിനൊന്നിന് ശിക്ഷയിൽ വാദം കേൾക്കും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികൾക്ക് നൽകണം എന്നാവും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുക. പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക.