ആരോപണങ്ങള്‍ അവിശ്വസനീയം; അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് സഭ

സിബിഐ കോടതിയുടെ വിധിയെ മാനിക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായത് ദുഃഖകരമാണ്
സിസ്റ്റര്‍ അഭയ, ഫാ. തോമസ് കോട്ടൂര്‍/ഫയല്‍
സിസ്റ്റര്‍ അഭയ, ഫാ. തോമസ് കോട്ടൂര്‍/ഫയല്‍

തിരുവനന്തപുരം: അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്‌നാനായ കത്തോലിക്കാ സഭ. ഇത്തരം സാഹചര്യമുണ്ടായതില്‍ ദുഃഖിക്കുന്നതായി സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

അഭയ കേസില്‍ സിബിഐ കോടതിയുടെ വിധിയെ മാനിക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായത് ദുഃഖകരമാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് സഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര് സെഫിക്കും സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊലപാതകത്തിനും കൊലപാതകം ചെയ്യുന്നതിനു വേണ്ടി അതിക്രമിച്ചു കടന്നതിനും ഇരട്ട ജീവപര്യന്തമാണ് കോട്ടൂരിനു വിധിച്ചത്. ഇതിനു പുറമേ തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തകാലമാണ് ജയിലില്‍ കഴിയേണ്ടി വരിക.

സിസ്റ്റര്‍ സെഫിക്കു കൊലപാതകത്തിനു ജീവപര്യന്തവും തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കു പുറമേ ഇരുവരും അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. അതിക്രമിച്ചു കടക്കലിന് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴ ചുമത്തി.

പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു നല്‍കണമെന്നും അര്‍ബുദരോഗിയാണെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ ഉണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി പറഞ്ഞു. ശിക്ഷയില്‍ ഇളവു വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. എന്നാല്‍ അതിക്രമിച്ചു കടന്നു കൊല നടത്തിയത് ഗൗരവമേറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com