ബിജെപി കോര്‍ കമ്മിറ്റിയോഗം ഇന്ന് ; ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധര പക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2020 07:06 AM  |  

Last Updated: 24th December 2020 07:06 AM  |   A+A-   |  

bjp sobha surendran

ശോഭ സുരേന്ദ്രന്‍, എം ടി രമേശ്, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി കോര്‍ കമ്മിറ്റി ഇന്ന് യോഗം ചേരും. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും ബിജെപി സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്റെയും കൂട്ടരുടെയും വിഷയം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അടക്കം വിട്ടു നിന്ന ശോഭ സുരേന്ദ്രനും കൂട്ടര്‍ക്കുമെതിരെ അച്ചടക്ക നടപടി വേണമെന്നാണ് വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷങ്ങളുടെ നിലപാട്. കൊച്ചിയില്‍ നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രനേതാവ് രാധാകൃഷ്ണനും പങ്കെടുക്കും. 

തങ്ങളെ അവഗണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സുരേന്ദ്രന്‍ പക്ഷം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.