ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യം

ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യം
ശോഭാ സുരേന്ദ്രന്‍/ഫയല്‍
ശോഭാ സുരേന്ദ്രന്‍/ഫയല്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്നു വിട്ടുനിന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യം.  പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തില്‍ ശോഭ പരസ്യ പ്രതികരണം നടത്തിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 

അധികാരത്തിന് വേണ്ടി വിലപേശിയ ശോഭയുടെ പ്രവൃത്തി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്ന് മുന്‍ പാര്‍ട്ടി പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു. ആറ്റിങ്ങല്‍, പാലക്കാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പലകുറി ആവശ്യപ്പെട്ടിട്ടും ശോഭ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് ശരിയായില്ലെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ജന.സെക്രട്ടറി സി കൃഷ്ണകുമാറും യോഗത്തില്‍ ശോഭയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി. 

ശോഭാ സുരേന്ദ്രനൊപ്പം നേതൃത്വത്തിനെതിരെ നിലപാടെടുത്ത പിഎം വേലായുധനെതിരെ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. വേലായുധനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന്  പി സുധീര്‍ ആവശ്യപ്പെട്ടതായാണ് സൂചന. ദലിത് വിഭാഗത്തില്‍ നിന്നും യുവനേതാക്കള്‍ ഉയര്‍ന്നുവരുന്നതു വേലായുധന്‍ തടയുകയാണെന്നും വിമര്‍ശനമുണ്ടായി. 

സംസ്ഥാന പ്രസിഡന്റിനെതിരെ താന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന വാര്‍ത്തകള്‍ ചിലരുടെ സൃഷ്ടിയാണെന്നും അതിന് മറുപടി പറഞ്ഞിട്ടുണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടുനിന്ന ശോഭയുടെ നിലപാടിനോട് യോജിപ്പില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. 

ശോഭയ്ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദേശം യോഗം അംഗീകരിച്ചതായാണ് അറിയുന്നത്. ശോഭയെ ന്യായീകരിച്ച് മാധ്യമങ്ങളോടു സംസാരിച്ച എംടി രമേശിന്റെ നടപടിയില്‍ നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com