ആശങ്ക ഒഴിഞ്ഞിട്ടില്ല, ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ കേരളം, സുപ്രീംകോടതിയില്‍ ഹര്‍ജി

കോവിഡ് വൈറസ് പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടില്ല, അതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല
ആശങ്ക ഒഴിഞ്ഞിട്ടില്ല, ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ കേരളം, സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : ശബരിമലയില്‍ ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാ പരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് കേരളം സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ശബരിമലയില്‍ ഇതിനോടകം തന്നെ പൊലീസുകാര്‍ ഉള്‍പ്പെടെ 250 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കോവിഡ് വൈറസ് പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടില്ല. അതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തിട്ടില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
 

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

പകരം ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട്  കോടതിയലക്ഷ്യ നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com