പ്രാധാന്യം നിശ്ചയിക്കുന്നത് ​ഗവർണറല്ല, മന്ത്രിസഭ; ഡിസംബർ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനം; വീണ്ടും ശുപാർശ നൽകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2020 12:37 PM  |  

Last Updated: 24th December 2020 12:37 PM  |   A+A-   |  

Arif-Mohd-Khan

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ/ ഫയൽ

 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിന് ഡിസംബർ 31ന് നിയമസഭ വിളിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ശുപാർശ ഗവർണർക്ക് അയയ്ക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വീണ്ടും ശുപാർശ നൽകാനുള്ള തീരുമാനം. 

നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര പ്രാധാന്യം നിശ്ചയിക്കേണ്ടത് മന്ത്രിസഭ തന്നെയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.  ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ഉന്നയിക്കേണ്ട അവസരത്തെ സംബന്ധിച്ചുമൊക്കെ അന്തിമമായ അഭിപ്രായം പറയാനുള്ള അധികാരം ജനാധിപത്യ സഭകൾക്കു നൽകുന്നതാണ് ശരി. മന്ത്രിസഭയെ വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സാധാരണ നിലയിൽ ഗവർണർ സ്വീകരിക്കാറുള്ളത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തത ആവശ്യമെങ്കിൽ അത് ചോദിക്കാവുന്നതാണ്. മറ്റു തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് നല്ലതാണോ എന്ന് ആലോചിക്കേണ്ടതാണെന്നും സ്പീക്കർ വ്യക്തമാക്കി. 

ഡിസംബർ 31ന് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരാനാണ് ഇന്ന് മന്ത്രിസഭ എടുത്ത തീരുമാനം. ഇക്കാര്യത്തിൽ ഗവർണർക്ക് ഉടൻ ശുപാർശ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ ശുപാർശയ്ക്കും ഗവർണർ വഴങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

നേരത്തെ, പ്രത്യേക സമ്മേളനത്തിന് ശുപാർശ അയയ്ക്കുന്ന സമയത്ത് ഗവർണർ ജനുവരി എട്ടിന് സമ്മേളനം ചേരാനുള്ള അനുമതി നൽകിക്കഴിഞ്ഞിരുന്നു. രണ്ട് സമ്മേളനത്തിന്റെ ആവശ്യം ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഗവർണർ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. 

ജനുവരി എട്ടിലെ സമ്മേളനത്തിനുള്ള അനുമതി റദ്ദാക്കണമെന്ന് ഇപ്പോൾ സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിസംബർ 31ന് സമ്മേളനം നടത്താനുള്ള ശുപാർശ വീണ്ടും അയയ്ക്കുന്നത്. ഇത് ഗവർണർ അംഗീകരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.