കെ ഫോണ്‍ പദ്ധതി ഫെബ്രുവരിയില്‍, അരലക്ഷം തൊഴിലവസരങ്ങള്‍ ; നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം :  സംസ്ഥാനത്ത് സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി പതിനായിരം കോടി രൂപയുടെ വികസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടൊപ്പം 5700 കോടിയുടെ 5526 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഒന്നാം നൂറുദിന പരിപാടിയില്‍ 50000 തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് സംശയ ദൃഷ്ടിയോടെയാണ് പലരും വീക്ഷിച്ചത്. എന്നാല്‍ ഒരു ലക്ഷത്തി 16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 

രണ്ടാം ഘട്ടത്തില്‍ അര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കുടുംബശ്രീ, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളിലൂടെ 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് വായ്പകളിലൂടെ 10000 പേര്‍ക്ക് തൊഴില്‍ നല്‍കും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31 ന് മുമ്പ് നടപ്പാക്കും. കൊച്ചി മംഗലാപുരം ഗെയില്‍ പൈപ്പ് ലൈനിന്റെ ഉദ്ഘാടനം അടുത്ത മാസം അഞ്ചിന് പ്രധാനമന്ത്രി നടത്തും. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെയുള്ള പാതയുടെ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദാഘ്ടനവും ഫെബ്രുവരിയില്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറ്റില. കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും. കെഎസ്ആര്‍ടിസിയുടെ അനുബന്ധ സ്ഥാപനമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും. കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും. 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. 3001 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. ആലപ്പുഴ മൊബിലിറ്റി ഹബ്ബിന് തുടക്കം കുറിക്കും. നേരത്തെ പൂര്‍ത്തികരിച്ച 2 ലക്ഷം വീടുകള്‍ക്ക് പുറമേ, 50000 വീടുകളുടെ പൂര്‍ത്തീകരണം നൂറുദിന പദ്ധതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com