നടുറോഡില്‍ ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി കുതിച്ചു പാഞ്ഞ് കാര്‍; അന്തംവിട്ട് നാട്ടുകാര്‍, പരാതി ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2020 03:40 PM  |  

Last Updated: 25th December 2020 03:45 PM  |   A+A-   |  

man trapped on bonnet

ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി കുതിച്ചു പാഞ്ഞ് കാര്‍/ഫെയ്‌സ്ബുക്ക് ചിത്രം

 

കോഴിക്കോട്: വടകരയില്‍ നടുറോഡില്‍ ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി കാര്‍ കുതിച്ചുപായുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച വൈകീട്ട് നഗരമധ്യത്തിലെ തിരക്കേറിയ റോഡിലാണ് സിനിമയെ വെല്ലുന്ന തരത്തിലുള്ള കാറോട്ടം നടന്നത്. ഇത് കണ്ട് നാട്ടുകാര്‍ അമ്പരന്ന് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കോടതി പരിസരം മുതല്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ വരെയുള്ള റോഡില്‍ വണ്‍വേ തെറ്റിച്ചാണ് കാര്‍ കുതിച്ച് പാഞ്ഞത്. ബോണറ്റില്‍ പിടിച്ചുകിടന്ന യുവാവ് സെന്റ് ആന്റണീസ് സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ തെറിച്ച് വീണു.

വടകര കുടുംബ കോടതിയിലെ തര്‍ക്കമാണ് ഇതിന് പിന്നില്‍. കോടതിയില്‍ കുട്ടിയുടെ സംരക്ഷണ അവകാശ കേസ് വിധി പറയാന്‍ മാറ്റിയതോടെ കുഞ്ഞുമായി പിതാവ് പോകുന്നത് തടയാന്‍ കുട്ടിയുടെ അമ്മാവന്‍ കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പിതാവ് കാര്‍ മുന്നോട്ടെടുത്തതോടെ കുട്ടിയുടെ അമ്മാവന്‍ ബോണറ്റില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ യുവാവ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.