ഗോപാലകൃഷ്ണന്റെ അടക്കം തോല്‍വി: മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ ബിജെപി പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2020 08:16 PM  |  

Last Updated: 26th December 2020 08:16 PM  |   A+A-   |  

bjp disciplinary action

ബി ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ

 

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് തൃശൂരില്‍ ബിജെപിയില്‍ നടപടി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക തുടങ്ങി ഒന്‍പത് പേരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി ആറ് വര്‍ഷത്തേയ്ക്കാണ് അച്ചടക്ക നടപടി. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റ വാര്‍ഡിലെ സിറ്റിങ്ങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ഗോപാലകൃഷ്ണന്റെ തോല്‍വിയാണ് പ്രധാനമായി ഇവരെ പുറത്താക്കാന്‍ കാരണം. ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങരയിലെ പ്രമുഖ നേതാക്കളാണ് ലളിതാംബികയും കേശവദാസും. ഇരുവരും അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. 

കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ച് കേശവദാസ് നേരത്തെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കേശവദാസിന്റെ ഭാര്യാ മാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടന്‍കുളങ്ങരയില്‍ മത്സരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നു.