ലീഗ് കുത്തക തകര്‍ത്ത് മട്ടാഞ്ചേരിയെ 'ചുവപ്പിച്ച' ആന്‍സിയ ; ഇനി കൊച്ചി ഡെപ്യൂട്ടി മേയര്‍

മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനില്‍ അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വമാണ് അന്‍സിയയിലൂടെ അവസാനിച്ചത്
കെ എ അന്‍സിയ കൊച്ചി ഡെപ്യൂട്ടി മേയര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെ എ അന്‍സിയ കൊച്ചി ഡെപ്യൂട്ടി മേയര്‍ / ഫെയ്‌സ്ബുക്ക് ചിത്രം


കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കും. ഇതുസംബന്ധിച്ച് സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. മട്ടാഞ്ചേരിയില്‍ അട്ടിമറി വിജയം നേടിയ യുവ നേതാവ് കെ എ ആന്‍സിയയാണ് ഡെപ്യൂട്ടി മേയറാകുക എന്ന് പി രാജു വ്യക്തമാക്കി. 

മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനില്‍ അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വമാണ് അന്‍സിയയിലൂടെ അവസാനിച്ചത്. പത്താം ക്‌ളാസ് വിദ്യാഭ്യാസത്തിനപ്പുറമുള്ള പ്രായോഗിക പരിജ്ഞാനമാണ് അന്‍സിയയുടെ കൈമുതല്‍. മട്ടാഞ്ചേരി ഹാര്‍ബറിലെ തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമാണ് അന്‍സിയയുടെ ഭര്‍ത്താവ് കെ ബി അഷ്‌റഫ്.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നാല് അംഗങ്ങളാണ് സിപിഐക്കുള്ളത്. പത്തുവര്‍ഷത്തിന് ശേഷമാണ് കൊച്ചി നഗരസഭ ഭരണം ഇടതുമുന്നണി തിരിച്ചു പിടിക്കുന്നത്. ലീഗ് വിമതന്‍ ടി കെ അഷ്‌റഫും കോണ്‍ഗ്രസ് വിമതന്‍ ജെ സനില്‍ മോനും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം മാനാശ്ശേരിയില്‍ നിന്നും വിജയിച്ച സിപിഎം വിമതന്‍ കെ പി ആന്റണി ആരെയും പിന്തുണയ്ക്കാതെ മാറി നില്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മറ്റൊരു കോണ്‍ഗ്രസ് വിമത മേരി കലിസ്റ്റ പ്രകാശന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎം നേതാവ് എം അനില്‍കുമാര്‍ മേയറാകും. കോര്‍പ്പറേഷനിലേക്ക് മല്‍സരിച്ച ജില്ലാ കമ്മിറ്റി അംഗമാണ്, കൊച്ചിയിലെ ജനകീയ മുഖമായ അനില്‍ കുമാര്‍. ഇന്നുചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനില്‍ കുമാറിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കുമെന്നാണ് സൂചന. 

എല്‍ഡിഎഫിനെ പിന്തുണച്ച ടി കെ അഷ്‌റഫ് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാകും. ഡിസംബര്‍ 28 നാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com