ക്രിസ്മസ് ട്രീയിലെ അലങ്കാരവിളക്കുകൾ ശാഖയുടെ ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് കിടന്നു; വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിലിട്ടത് പ്രകോപിപ്പിച്ചു; കൊലപാതകം ആസൂത്രിതം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2020 09:30 PM  |  

Last Updated: 26th December 2020 09:30 PM  |   A+A-   |  

sakhakumari death

ശാഖാകുമാരിയും അരുണും വിവാഹ ഫോട്ടോ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  തിരുവനന്തപുരത്ത് 51 കാരി ശാഖാകുമാരി ഷോക്കേറ്റ് മരിച്ച സംഭവം ഭർത്താവ് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസിന്റെ നിഗമനം. തന്നെക്കാൾ പ്രായം കൂടിയ ഭാര്യയെ ജീവിതത്തിൽനിന്ന് ഒഴിവാക്കാനാണ് അരുൺ ശാഖയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ശാഖ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

ശാഖയും ആരുണും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എട്ടേക്കറോളം ഭൂമിയും മറ്റു കുടുംബസ്വത്തുക്കളും ശാഖയുടെ പേരിലുണ്ട്. ലക്ഷങ്ങൾ ശാഖ അരുണിന് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനൽകി. 

നാല് വർഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. 26-കാരനുമായുള്ള വിവാഹത്തിന് ശാഖയുടെ ബന്ധുക്കൾ എതിർപ്പറിയിച്ചെങ്കിലും വിവാഹക്കാര്യത്തിൽ ശാഖ ഉറച്ചുനിന്നതോടെ മതാചാരപ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു. 

ഇന്നു പുലർച്ചെയാണ് ശാഖയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയാണ് ശാഖയ്ക്ക് ഷോക്കേറ്റെന്ന് അരുൺ ബന്ധുക്കളെയും അയൽക്കാരെയും വിവരമറിയിക്കുന്നത്. ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകൾ ശരീരത്തിലാകെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നനിലയിലാണ് ശാഖയെ കണ്ടത്. ഉടൻതന്നെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂർ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു.