'മൂന്ന് മാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്ന് ഭീഷണി; ജാതി വ്യത്യാസത്തിന്റെ പേരിൽ വൈരാ​ഗ്യം'- യുവാവിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

'മൂന്ന് മാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്ന് ഭീഷണി; ജാതി വ്യത്യാസത്തിന്റെ പേരിൽ വൈരാ​ഗ്യം'- യുവാവിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ
അനീഷ്/ ടെലിവിഷൻ ദൃശ്യം
അനീഷ്/ ടെലിവിഷൻ ദൃശ്യം

പാലക്കാട്: തേങ്കുറിശ്ശിയിൽ വെട്ടേറ്റ് യുവാവ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് ബന്ധുക്കൾ. തേങ്കുറിശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനീഷിന് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അനീഷിന്റെ ഭാര്യയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവർ കൊലയുമായി ബന്ധപ്പെട്ട് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. 

കൊല നടന്ന വെള്ളിയാഴ്ച തന്നെ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. 

അമ്മാവനായ സുരേഷ് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ ഭാര്യ ഹരിത ആരോപിച്ചു. ഫോൺ എടുത്തു കൊണ്ടുപോയെന്നും ഹരിത പറയുന്നു. 

പ്രഭുകുമാർ നേരത്തെ ഭീഷണി മുഴക്കിയിരുന്നുവെന്ന് അനീഷിന്റെ സഹോദരൻ അരുൺ പറയുന്നു. അവർ ബൈക്കിൽ വന്നാണ് ചെയ്തത്. മൂന്ന് മാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുൺ പറയുന്നു. 

മൂന്നുമാസം മുൻപാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം രജിസ്റ്റർ വിവാഹമാണ് ഇരുവരും നടത്തിയത്. ജാതി വ്യത്യാസമുണ്ടെന്നും മൂന്ന് മാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കിയതായും അരുൺ കൂട്ടിച്ചേർത്തു.

പാലക്കാട്ടെ തേൻകുറിശ്ശിയിൽ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കിൽ പോവുകയായിരുന്നു. സമീപത്തെ കടയിൽ സോഡ കുടിക്കാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു.

കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com