'മൂന്ന് മാസമേ താലിയുണ്ടാകൂ', ഭീഷണിപ്പെടുത്തി, അച്ഛനും അമ്മാവനും അര്‍ഹമായ ശിക്ഷ കൊടുക്കണം; ഇനിയുള്ള കാലം അനീഷിന്റെ വീട്ടില്‍: ഭാര്യ ഹരിത

തേങ്കുറിശ്ശിയില്‍ അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛനും അമ്മാവനുമെതിരെ അനീഷിന്റെ ഭാര്യ
അനീഷ്/ ടെലിവിഷൻ ദൃശ്യം
അനീഷ്/ ടെലിവിഷൻ ദൃശ്യം

പാലക്കാട്: തേങ്കുറിശ്ശിയില്‍ അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛനും അമ്മാവനുമെതിരെ അനീഷിന്റെ ഭാര്യ. മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് പറഞ്ഞ് അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയതായി ഹരിത പറഞ്ഞു.

മൂന്ന് മാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും നടത്തിയത്. ജാതി വ്യത്യാസമുണ്ടെന്നും മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും ഹരിത പറയുന്നു.ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കൃത്യമായി ഇടപെട്ടില്ല. തെരഞ്ഞെടുപ്പിന്റെ തിരക്കാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതായും ഹരിത മാധ്യമങ്ങളോട് പറയുന്നു.

പരാതി കൊടുത്തതിന്റെ ദേഷ്യവും അമ്മാവനുണ്ടായിരുന്നു.അനീഷിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയുമായിരുന്നു അവരുടെ പ്രശ്‌നമെന്നും ഹരിത പറയുന്നു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കണം. ഇനിയുള്ള കാലം അനീഷിന്റെ വീട്ടില്‍ തന്നെയുണ്ടാകുമെന്നും ഹരിത വിതുമ്പി കൊണ്ട് പറഞ്ഞു.

ഭുരഭിമാനക്കൊലയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.ഡിവൈഎസ്പി പ്രഭാകരന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. അതിനിടെ അനീഷിന്റെ മരണകാരണം രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാലുകളിലെ ആഴത്തിലുള്ള മുറിവുകള്‍ രക്തം വാര്‍ന്നൊഴുകാന്‍ കാരണമായെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രഭുകുമാറിനെ കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. 

വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ പിതാവ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ അരുണിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. ഇരുവരും ബൈക്ക് നിര്‍ത്തി കടയില്‍ കയറിയപ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിനെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. വെട്ടേറ്റ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com