'എനിക്ക് വല്ലാതെ പേടി തോന്നുന്നു'; കുറിപ്പുമായി വിഡി സതീശന്‍

മകളെ വിവാഹം ചെയ്തയാളെ 90 ദിവസം കഴിഞ്ഞ് കൊലപ്പെടുത്തി അവളെ വിധവയാക്കിയാല്‍ എന്ത് അഭിമാനമാണ് സംരക്ഷിക്കപ്പെടുക?
കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ /ചിത്രം ഫയല്‍
കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ /ചിത്രം ഫയല്‍


കൊച്ചി: ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് വിവാഹത്തിന്റെ 88ാം നാളില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വിഡി സതീശന്‍. മകളെ വിവാഹം ചെയ്തയാളെ 90 ദിവസം കഴിഞ്ഞ് കൊലപ്പെടുത്തി അവളെ വിധവയാക്കിയാല്‍ എന്ത് അഭിമാനമാണ് സംരക്ഷിക്കപ്പെടുക. നാം പുറകിലേക്ക് നടക്കുകയാണോ?, എനിക്ക് വല്ലാതെ പേടി തോന്നുന്നുവെന്ന് സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശനിയാഴ്ചയാണ് യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. പാലക്കാട് തേങ്കുറുശി ഇലമന്ദം ആനന്ദ് വീട്ടില്‍ ആറുമുഖന്റെ മകന്‍ അനീഷ് ആണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ ഇലമന്ദം ചെറുതപ്പുല്ലൂര്‍ക്കാട് വീട്ടില്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സഹോദരന്‍ അരുണ്‍കുമാറിനൊപ്പം വീടിനുസമീപം മാനാംകുളമ്പ് സ്‌കൂളിനടുത്ത് ജങ്ഷനിലെ കടയിലേക്ക് അനീഷ് പോയപ്പോഴാണ് ആക്രമിച്ചത്. അരുണ്‍ കടയിലേക്കു കയറുകയും അനീഷ് ബൈക്കില്‍ കാത്തിരിക്കുകയുമായിരുന്നു. ഈ സമയം ഇരുമ്പുദണ്ഡ്, വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായി എത്തിയ പ്രഭുകുമാറും സുരേഷും അനീഷിനെ അടിച്ചുവീഴ്ത്തി തുടകളില്‍ കത്തികൊണ്ട് കുത്തി. 

സംഭവമറിഞ്ഞെത്തിയ പൊലീസ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി. സുരേഷിനെ വീടിനുസമീപത്തുനിന്നും പ്രഭുകുമാറിനെ കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് ബന്ധുവീടിനു പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. തുടയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. രക്തധമനികള്‍ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കണ്ടെത്തി.

പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നുമാസംമുമ്പാണ് വിവാഹിതരായത്. വിവാഹത്തെ ഹരിതയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. അനീഷിന്റെ ജാതിയും സാമ്പത്തികപിന്നോക്കാവസ്ഥയുമാണ് ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ട യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പിനു കാരണം. തമിഴ്‌നാട്ടില്‍ വേരുള്ള കുടുംബമാണ് ഹരിതയുടേത്. പിന്നോക്കജാതിക്കാരനായ അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. 
വിവാഹശേഷം പലപ്പോഴായി പ്രഭുകുമാറും സുരേഷും അനീഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. പരാതിപ്പെട്ടതിനെ തുടര്‍ന്ന്, ഇരുവീട്ടുകാരെയും വിളിച്ച് പൊലീസ് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചു. തുടര്‍ന്ന് ഹരിതയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും വീട്ടുകാര്‍ കൈമാറി. ഇതോടെ പ്രശ്‌നം അവസാനിച്ചുവെന്നു കരുതി. എന്നാല്‍ അവസരം കാത്തിരുന്ന പ്രഭുകുമാറും സുരേഷുംചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. 

വിഡി സതീശന്റെ കുറിപ്പ്

നമ്മുടെ സമൂഹത്തിനിതെന്തു പറ്റി?
മകളെ വിവാഹം ചെയ്തയാളെ 90 ദിവസം കഴിഞ്ഞ് കൊലപ്പെടുത്തി അവളെ വിധവയാക്കിയാല്‍ എന്ത് അഭിമാനമാണ് സംരക്ഷിക്കപ്പെടുക?
നാം പുറകിലേക്ക് നടക്കുകയാണോ?
എനിക്ക് വല്ലാതെ പേടി തോന്നുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com