'ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചു'; ശാഖാകുമാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കാരക്കോണത്തെ ശാഖയുടെ മരണം വൈദ്യുത ആഘാതമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. 
മരിച്ച ശാഖാകുമാരി, ഭര്‍ത്താവ് അരുണ്‍ / ടെലിവിഷന്‍ ചിത്രം
മരിച്ച ശാഖാകുമാരി, ഭര്‍ത്താവ് അരുണ്‍ / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം:   കാരക്കോണത്തെ ശാഖയുടെ മരണം കൊലപാതകം തന്നെ. വൈദ്യുത ആഘാതമേറ്റാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ബോധം കെടുത്തിയ ശേഷം ഷോക്കപ്പടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളറട പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അരുണ്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പലപ്പോഴായി മൊഴി മാറ്റിപ്പറയുകയും ചെയ്തിരുന്നു. ശാഖ പുലർച്ചെ വീട്ടിനു പുറത്തേക്കിറങ്ങുമ്പോൾ വൈദ്യുതാഘാതമേൽക്കാനായി വയർ വലിച്ചിട്ടിരുന്നുവെന്നായിരുന്നു ആദ്യം അരുൺ നൽകിയ മൊഴി. 

പിന്നീട് ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കറണ്ടടിപ്പിച്ചുവെന്നായിരുന്നു മൊഴി നൽകിയത്. പരസ്പരം വിരുദ്ധമായ മൊഴി നൽകുന്നതിനാൽ പോസ്റ്റുമോർട്ടവും ശാസ്ത്രീയപരിശോധനാഫലം വന്നതിന് ശേഷമേ കൊലപാതകത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

ഇന്നലെ രാവിലെ ആറു മണിക്കാണ് കാരക്കോണത്തുള്ള വീട്ടിന്‍റെ ഹാളില്‍ ശാഖാ കുമാരി മരിച്ച കിടക്കുന്ന വിവരം അരുണ്‍ നാട്ടുകാരെ അറിയിക്കുന്നത്. ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിൽ നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. 

മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. ഇന്ന് കൊലപാതകം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് രക്തക്കറയും ബലപ്രയോഗം നടന്നുവെന്ന വ്യക്തമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാഖയുടെ സ്വത്തു തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവ് അരുണിന്‍റെ സ്വഭാവം ശരിയല്ല, പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്ന് വിവാഹത്തിന്‍റെ തലേന്ന് വരെ ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്നാണ് സഹോദരഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞത്.

51-കാരിയായ ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴയുമ്പോഴാണ് 26-കാരനായ അരുണിനെ പരിചയപ്പെടുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നു മുതൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുവെങ്കിലും ശാഖ തടസ്സം നിന്നുവെന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. വിവാഹഫോട്ടോ അടുത്തിനിടെ ശാഖ പുറത്തുവിട്ടതും അരുണിനെ പ്രകോപിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com