'ഭാഗ്യം' തുണച്ചു ; കളമശ്ശേരി നഗരസഭ യുഡിഎഫിന് ; സീമ കണ്ണന്‍ ചെയര്‍പേഴ്‌സണ്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th December 2020 12:40 PM  |  

Last Updated: 28th December 2020 12:40 PM  |   A+A-   |  

chairperson seema kannan

ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട സീമ കണ്ണന്‍ / ഫയല്‍ ചിത്രം

 

കൊച്ചി : എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭ ഭരണം യുഡിഎഫിന്. ഇരു മുന്നണികള്‍ക്കും തുല്യ അംഗസംഖ്യയുള്ള കളമശ്ശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേടിയത്. യുഡിഎഫിനും എല്‍ഡിഎഫിനും 20 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. 

കോണ്‍ഗ്രസിലെ സീമ കണ്ണന്‍ കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ചിത്ര സുരേന്ദ്രനാണ് പരാജയപ്പെട്ടത്. 28-ാം വാര്‍ഡ് കണ്ണം കുളത്തു നിന്നാണ് സീമ കണ്ണന്‍ വിജയിച്ചത്. 

42 സീറ്റുള്ള നഗരസഭയില്‍ 41 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. യുഡിഎഫ് 19, എല്‍ഡിഎഫ് 18, യുഡിഎഫ് വിമതര്‍ രണ്ട്, എല്‍ഡിഎഫ് വിമത, ബിജെപി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

യുഡിഎഫി വിമതനും ലീഗ് നേതാവുമായ സുബൈറും എല്‍ഡിഎഫ് വിമത ബിന്ദു മനോഹരനും ഇടതുമുന്നണിയെ പിന്തുണച്ചു. മറ്റൊരു വിമതനായ നിഷാദ് യുഡിഎഫിനെയും പിന്തുണച്ചതോടെയാണ് ഇരുമുന്നണികളും തുല്യ നിലയിലായത്. 

നറുക്കെടുപ്പിലൂടെ നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. അതേസമയം സ്വതന്ത്രസ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാതെ പോയ നഗരസഭ 37-ാം വാര്‍ഡിലെ ഫലമാകും ഭരണസ്ഥിരത ഉറപ്പാക്കുക.