10 ഏക്കര്‍ ഭൂമി, റബര്‍ വെട്ടാന്‍ നല്‍കിയതില്‍ ലഭിച്ചത് 17 ലക്ഷം രൂപ, ബാങ്ക് അക്കൗണ്ട് ശൂന്യം ; സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്‍

ശാഖയുടെ സ്വത്ത് കണ്ട് മോഹിച്ചാണ് അരുണ്‍ അടുപ്പം സ്ഥാപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ശാഖാകുമാരിയും അരുണും വിവാഹ ഫോട്ടോ / ഫയല്‍ ചിത്രം
ശാഖാകുമാരിയും അരുണും വിവാഹ ഫോട്ടോ / ഫയല്‍ ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 51 കാരിയെ ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍, സമ്പത്ത് കവര്‍ച്ചയായിരുന്നോ ലക്ഷ്യമെന്ന് പൊലീസ് അന്വേഷിക്കുന്നു. 51 കാരിയായ ശാഖാ കുമാരിയെ 26 കാരനായ ഭര്‍ത്താവ് അരുണാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 

സാമ്പത്തികമായി മികച്ച നിലയിലായിരുന്നു ശാഖാ കുമാരി. ശാഖയുടെ സ്വത്ത് കണ്ട് മോഹിച്ചാണ് അരുണ്‍ അടുപ്പം സ്ഥാപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ചെലവിലേക്കായി അരുണ്‍ അഞ്ചുലക്ഷം രൂപ ശാഖയില്‍ നിന്നും കൈപ്പറ്റിയിരുന്നു. വിവാഹത്തിന് ശേഷം ഒരു കാറും ഭര്‍ത്താവിന് നല്‍കി. 

എന്നാല്‍ വിവാഹ ചടങ്ങില്‍ അരുണിന്റെ ബന്ധുക്കളാരും എത്തിയിരുന്നില്ല. വിവാഹത്തിന് ശേഷം അരുണില്‍ ഉടലെടുത്ത അപകര്‍ഷതാബോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള സ്ത്രീയുമായുള്ള വിവാഹം വീട്ടുകാര്‍ അംഗീകരിക്കില്ല എന്നതും അരുണിനെ അലട്ടി. 

അരുണ്‍ വിട്ടുപോയേക്കുമെന്ന് ഭയന്ന ശാഖ കുമാരി എത്രയും വേഗം ഒരു കുട്ടി വേണമെന്ന് ശാഠ്യം പിടിച്ചു. എന്നാല്‍ ഉടന്‍ കുട്ടി വേണ്ടെന്ന നിലപാടായിരുന്നു അരുണിന്റേത്. ശനിയാഴ്ച കുട്ടിയെ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ക്രിസ്മസ് ദീപാലങ്കാരങ്ങള്‍ ദേഹത്തിട്ട് മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഷോക്കടിപ്പിക്കുകയായിരുന്നു. 

10 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥയാണ് ശാഖാകുമാരി. കഴിഞ്ഞ ദിവസം റബര്‍മരം കടുംവെട്ടിന് നല്‍കിയതിനെ തുടര്‍ന്ന് 17 ലക്ഷം രൂപയും ശാഖ കുമാരിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ധനാഢ്യയായിരുന്നെങ്കിലും ശാഖ കുമാരിയുടെ ബാങ്ക് അക്കൗണ്ടില്‍ വേണ്ടത്ര കാശ് ഉണ്ടായിരുന്നില്ല. ഈ പണം അരുണ്‍ തട്ടിയെടുത്തതാണോ എന്നും അന്വേഷിക്കുന്നതായി വെള്ളറട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീകുമാര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com