ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍; ആര്യയെ അഭിനന്ദിച്ച് ശശി തരൂര്‍

ഇന്ത്യന്‍ ജനസംഖ്യയുടെ 51ശതമാനം വരുന്ന 25 വയസ്സിന് താഴെയുള്ളവരുടെ പ്രതിനിധി നയിക്കട്ടെ
ആര്യ രാജേന്ദ്രന്‍ /ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്‌
ആര്യ രാജേന്ദ്രന്‍ /ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരസഭയെ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും 21 വയസുള്ള വിദ്യാര്‍ഥിയുമായ ആര്യാ രാജേന്ദ്രനെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 51ശതമാനം വരുന്ന 25 വയസ്സിന് താഴെയുള്ളവരുടെ പ്രതിനിധി നയിക്കട്ടെ'-തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപികൂടിയാണ് തരൂര്‍. തിങ്കളാഴ്ചയാണ് ആര്യ രാജേന്ദ്രന്‍ തലസ്ഥാന നഗരത്തിന്റെ മേയറായി ചുമതലയേറ്റത്. ആര്യയെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം. അമ്മ ശക്തിയില്‍ തമിഴ്നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന്കമല്‍ ട്വിറ്ററില്‍ കുറിച്ചു.

54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) - 54, സിമി ജ്യോതിഷ് (എന്‍ഡിഎ) - 35, മേരി പുഷ്പം (യുഡിഎഫ്) - 09.

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വര്‍ഷഗണിത വിദ്യാര്‍ഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.മേയര്‍ ഈ പദവിയില്‍ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com