സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത് സ്വാഗതാര്‍ഹം; ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയവരല്ല: മുഖ്യമന്ത്രി

സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌

തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ തര്‍ക്കം ഗൗരവമായ വിഷയമാണ്. ക്രമസമാധാന പ്രശ്‌നമുള്ള അത്തരമൊരു കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമാണ്. ഇടപെടലില്‍ രാഷ്ട്രീയമുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്കു പറ്റിയവരല്ലാത്തതിനാലാണ് അവരെ താന്‍ ചര്‍ച്ചയ്ക്കു വിളിക്കാത്തതെന്നു മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 

കഴിഞ്ഞ അഞ്ചുകൊല്ലത്തെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും സംതൃപ്തിയും ആത്മവിശ്വാസവുമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് പ്രകടന പത്രിക തയ്യാറാക്കാനുളള നടപടികളുമായി മുന്നോട്ടുപോവകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികില്‍സയ്ക്കിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്കു വീട് വച്ചു നല്‍കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കുട്ടികള്‍ക്കു സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. അത്യന്തം ദുഖകരമായ സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

കുതിരാനിലെ ഒരു ടണല്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചത്. കരാറുകാരുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് മാണി സി.കാപ്പനു കൊടുക്കുമെന്നു പറയാനുള്ള അവകാശം പി.ജെ ജോസഫിനു പാര്‍ട്ടി കൊടുത്തിട്ടുണ്ടാകുമെന്നും അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് തയാറെടുപ്പുകള്‍ നടത്തുകയാണ്. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ഉടനെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com