യൂറോപ്പില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കാന്‍ 4 വിമാനത്താവളങ്ങളിലും നടപടി; പുതുവര്‍ഷാഘോഷം ആള്‍ക്കൂട്ടമായി നടത്തരുത് കെകെ ശൈലജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2020 06:15 PM  |  

Last Updated: 29th December 2020 06:15 PM  |   A+A-   |  

shailaja_teacher

ആരോഗ്യമന്ത്രി കെകെ ശൈലജ

 

തിരുവനന്തപുരം: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവിടങ്ങളില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ കോവിഡ് പോസിറ്റീവാണ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 

വൈറസിന്റെ പുതിയ വകഭേദമാണോ എന്നറിയാന്‍ പുണെ ലാബിലേക്കു സാംപിള്‍ അയച്ചിട്ടുണ്ട്. ഫലം ചൊവ്വാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദത്തിനും ഇപ്പോഴുള്ള കോവിഡ് വൈറസിന്റെ ചികിത്സ തന്നെയാണെന്നു മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം കൊടുത്തു. ആരോഗ്യ സെക്രട്ടറിയും യോഗങ്ങളില്‍ പങ്കെടുത്ത് നിര്‍ദേശം കൊടുക്കുന്നുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണം മാത്രമേ കേരളത്തിലും നടപ്പിലാക്കാനാകൂ. ലോക്ഡൗണിലേക്ക് പോകാന്‍ കഴിയുന്ന സാഹചര്യമില്ല ഇപ്പോഴുള്ളത്. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. പ്രായമുള്ളവരും രോഗമുള്ളവരും വാക്‌സീന്‍ വിതരണം ആരംഭിക്കുന്നതുവരെ വീട്ടില്‍ കഴിയണം. പുതുവല്‍സരാഘോഷം വലിയ ആള്‍ക്കൂട്ടമായി നടത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.