'പഠിച്ചു നല്ല ജോലി വാങ്ങും; അപ്പു നോക്കിയതുപോലെ അച്ഛനെയും അമ്മയെയും നോക്കും': ഹരിത

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th December 2020 04:39 PM  |  

Last Updated: 29th December 2020 04:39 PM  |   A+A-   |  

Tenkurissi murder case

അനീഷിന്റെ മാതാപിതാക്കള്‍ക്കൊപ്പം ഹരിയ മാധ്യമങ്ങളെ കണ്ടപ്പോള്‍

 

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും ഹരിത പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തയാണെന്നും ഹരിത വ്യക്തമാക്കി. അനീഷിന്റെ മാതാപിതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഹരിത. 

'ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം' ഹരിത പറഞ്ഞു.

ഹരിതയെ മകളെ പോലെ സംരക്ഷിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് അനീഷിന്റെ പിതാവ് അറുമുഖന്‍ പറഞ്ഞു. അവളെ തുടര്‍ന്നും പഠിപ്പിക്കാനാണ് ആഗ്രഹം. എന്നാല്‍ അതിനുള്ള കഴിവ് തങ്ങള്‍ക്കില്ല. അതിനാല്‍ ഹരിതയുടെ തുടര്‍പഠനത്തിന് സര്‍ക്കാര്‍ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഹരിതയുടെ മുത്തച്ഛന്‍ കുമരേശ്വന്‍പിള്ളയെ കൂടി പ്രതി ചേര്‍ക്കണമെന്നും അറുമുഖന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷിനെ ഭാര്യാപിതാവായ പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് പിടികൂടിയിരുന്നു.

അതേസമയം, കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ള പറഞ്ഞു. പ്രഭുകുമാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും കുമരേശന്‍ പറഞ്ഞു. വിവാഹത്തെ എതിര്‍ത്തത് ജാതിപ്രശ്‌നം കൊണ്ടല്ലെന്നും സാമ്പത്തിക പ്രശ്‌നം കൊണ്ടാണെന്നും കുമരേശന്‍ കൂട്ടിച്ചേര്‍ത്തു.