റെയിൽവേ ലൈൻ മുറിച്ചു കടത്തി; വിചാരണക്കിടെ മുങ്ങി; താമസം ആരാധനാലയങ്ങളിൽ; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2020 09:37 PM  |  

Last Updated: 29th December 2020 09:37 PM  |   A+A-   |  

Accommodation in places of worship

പിടിയിലായ രാമചന്ദ്രൻ

 

കോഴിക്കോട്: തമിഴ്നാട്ടിൽ നിന്ന് റെയിൽവേ ലൈൻ മുറിച്ച് മോഷണം നടത്തി കേരളത്തിൽ വന്ന് നിരവധി സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ച ആൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്ന നെയ്വേലി സേതുതാം കൊപ്പം രാമചന്ദ്രൻ (60 ) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിൻറെ പിടിയിലായത്.

2004 ൽ തമിഴ്നാട്ടിലെ ട്രിച്ചി ഡിവിഷനിൽ നിന്ന് റെയിൽവേ ലൈൻ മുറിച്ച് മോഷണം നടത്തിയ രാമചന്ദ്രൻ അടക്കമുള്ള 16 പേരെ വില്ലുപുരം ആർപിഎഫ് പിടികൂടിയിരുന്നു. വിചാരണ വേളയിലാണ് രാമചന്ദ്രൻ കോഴിക്കോട്ടേക്ക് മുങ്ങിയത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആർപിഎഫ് ഉദ്യോഗസ്ഥർ കോഴിക്കോട് എത്തുകയും ക്രൈം സ്ക്വാഡ് അംഗങ്ങളെ സമീപിക്കുകയുമായിരുന്നു. തുടർന്ന് നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ കെ അഷ്റഫിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളുടെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു പൊലീസിൻറെ കൈകളിൽ ഉണ്ടായിരുന്നത്.

കോഴിക്കോട് നഗരത്തിലെ തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് നേരിട്ടും അല്ലാതെയും പരിശോധനകൾ നടത്തുകയും രാമചന്ദ്രൻ എന്ന പേരിൽ ഇങ്ങനെ ഒരാൾ താമസിക്കുന്നില്ലെന്നും അറിയുവാൻ കഴിഞ്ഞു. പിന്നീട് ഫോട്ടോയിൽ സാമ്യമുള്ള ഒരാൾ ഷാദുലി എന്ന പേരിൽ കോഴിക്കോട് സിറ്റിയിൽ വിവിധ ജോലികൾ ചെയ്ത് മുസ്ലിം പള്ളിയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച ക്രൈം സ്ക്വാഡ് പിന്നീടുള്ള അന്വേഷണം പള്ളികൾ കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു. 

നഗരത്തിലെ ഒരു പള്ളിയുടെ സമീപത്ത് നിന്ന് ഇയാളെ പൊലീസ് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താൽ ഇയാൾ തമിഴ്നാട്ടിലെ കുടുംബത്തെ പോലും ഉപേക്ഷിച്ചിരുന്നു.