'ഗംഗയെ ആവാഹിച്ച് ജഡയില്‍ കുടിയിരുത്തി, കഴുത്തില്‍ നാഗത്തെ കൂടാതെ രുദ്രാക്ഷവും'; കേരളത്തിലെ വലിപ്പമേറിയ ശിവരൂപം, വിസ്മയം

വിഴിഞ്ഞം ആഴിമല കടല്‍ത്തീരത്ത് നിര്‍മ്മിച്ച കേരളത്തിലെ  ഏറ്റവും വലിപ്പമേറിയ ശിവ രൂപം വിസ്മയമാകുന്നു
വിഴിഞ്ഞം ആഴിമലയില്‍ കടല്‍ത്തീരത്ത് നിര്‍മ്മിച്ച ശിവരൂപം
വിഴിഞ്ഞം ആഴിമലയില്‍ കടല്‍ത്തീരത്ത് നിര്‍മ്മിച്ച ശിവരൂപം

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടല്‍ത്തീരത്ത് നിര്‍മ്മിച്ച കേരളത്തിലെ  ഏറ്റവും വലിപ്പമേറിയ ശിവ രൂപം വിസ്മയമാകുന്നു. ഗംഗയെ ആവാഹിച്ച് ജഡയില്‍ ചൂടുന്ന ഭാവമുള്ള ഗംഗാധരേശ്വര രൂപം കാഴ്ചക്കു സജ്ജമായി. പാറമേല്‍ ഇരിക്കുന്നതാണ് ശിവരൂപം. ശിവരൂപത്തില്‍ നാലു കൈകളിലൊന്നു ത്രിശൂലം മുറുകെ പിടിച്ചും മറ്റൊന്ന് ജഡയില്‍ ചൂഡിയും വലം കൈളിലൊന്നില്‍ ഉടുക്കും മറ്റൊരു കൈ തുടയില്‍ വിശ്രമിച്ചുമാണ്.  58 അടിയാണ് ആകെ ഉയരം.

ജഡ അഴിച്ചിട്ട രൂപത്തില്‍ മുഖം തെല്ലുയര്‍ത്തിയ നിലയിലാണ്. ജഡയില്‍ ഗംഗാദേവിയെ കുടിയിരുത്തിയ നിലയും കാണാം. കഴുത്തില്‍ നാഗത്തെക്കൂടാതെ രുദ്രാക്ഷവും തലയോട്ടികളിലുമുള്ള മാലകളും. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറു വര്‍ഷം കൊണ്ടാണ് ശിവ രൂപം ഉയര്‍ന്നത്.

ആഴിമല ശിവക്ഷേത്രത്തിലും കടല്‍ തീരത്തിനും മധ്യത്തെ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലാണ് ശിവ രൂപം. കാറ്റിന്റെ ഗതിവിഗതികള്‍ മനസിലാക്കി കോണ്‍ക്രീറ്റിലാണ് ശില്പ നിര്‍മാണം.ശിവ രൂപത്തിനു പിന്നിലെ വിശാലമായ കടല്‍പ്പരപ്പും നീലാകാശവും കാഴ്ചക്കു വീണ്ടും ചാരുതയേകും.

ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാന മണ്ഡപവും ഒരുങ്ങുന്നു. ശിവരൂപത്തിനു വശത്തെ ചെറു ഗുഹാകവാടത്തിലൂടെ പ്രവേശിച്ചു 27 പടിക്കെട്ടുകളോടെയാണ് ഇതിലേക്കുള്ള വഴി. ചുവരുകളില്‍ ശില്പ ചാരുത കാണാം. അര്‍ദ്ധനാരീശ്വര രൂപവും, ശിവന്റെ ശയനരൂപവും ശില്പ രൂപത്തില്‍ കാണാം. ക്ഷേത്ര ഐതിഹ്യവും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ധ്യാനമണ്ഡപം മുതല്‍ ശിവരൂപം വരെ തറനിരപ്പില്‍ നിന്നുള്ള ഉയരം 78 അടി. മിഴിവാര്‍ന്ന ശിവ രൂപം യാഥാര്‍ഥ്യമാക്കിയത് പ്രദേശവാസിയും ശില്പകലയിലെ ബിരുദധാരിയുമായ ദേവദത്തനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com