അച്ഛന് സമീപം അമ്മയെ അടക്കണം; കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്ന് മക്കൾ; നെയ്യാറ്റിൻകരയിലെ പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 29th December 2020 08:13 PM  |  

Last Updated: 29th December 2020 08:13 PM  |   A+A-   |  

case of couple's death in Neyyattinkara

മൃതദേഹം മറവു ചെയ്യാൻ കുഴിയെടുക്കുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോടു സംസാരിക്കുന്ന രാജന്റെ മകൻ രഞ്ജിത്ത് /വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് മക്കൾക്ക് ഉറപ്പ് നൽകി കലക്ടർ. കലക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കൾ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു. 

കലക്ടറുമായി നാട്ടുകാർ ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. 

പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയിൽ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കലക്ടർ സംഭവത്തിൽ ഇടപെട്ടത്. 

അതിനിടെ രാജനെതിരെ പരാതി നൽകിയ വസന്തയെ പൊലീസ് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വസന്തയെ കസ്റ്റഡിയിൽ എടുത്തതെന്ന് ഡിവൈഎസ്പി പറഞ്ഞു. തുടർ നടപടികൾ സംബന്ധിച്ച് നിയമപരമായി ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.