'ഫുട്‌ബോള്‍' ചിഹ്നത്തില്‍ വിജയിച്ചവരെല്ലാം യുഡിഎഫിന് വോട്ടു ചെയ്യണം, ഡിഡിഎഫിന് വിപ്പ് നല്‍കി ആര്‍എംപി, പത്രപരസ്യം

അംഗങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ആര്‍എംപിയുടെ നോട്ടീസും പതിച്ചിട്ടുണ്ട്
ആര്‍എംപി വിപ്പ് പത്രപ്പരസ്യം / ടെലിവിഷന്‍ ചിത്രം
ആര്‍എംപി വിപ്പ് പത്രപ്പരസ്യം / ടെലിവിഷന്‍ ചിത്രം

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപിയുടെ വിപ്പ്. ആര്‍എംപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി എന്‍.വേണു ഇതു സംബന്ധിച്ച് പത്ര പരസ്യം നല്‍കി. 

ആര്‍എംപിയുടെ ഔദ്യോഗിക ചിഹ്നമായ 'ഫുട്‌ബോള്‍' ചിഹ്നത്തില്‍ മത്സരിച്ച ഡിഡിഎഫിന്റെ നാല് അംഗങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അംഗങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ആര്‍എംപിയുടെ നോട്ടീസും പതിച്ചിട്ടുണ്ട്. ഡിഡിഎഫ് നേതൃത്വവും ആര്‍എംപിയും തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണയിലാണ് പഞ്ചായത്തില്‍ ഡിഡിഎഫിന് ഫുട്‌ബോള്‍ ചിഹ്നം അനുവദിച്ച് നല്‍കിയത്.

16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇത്തവണ ഡിഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകള്‍ ലഭിച്ചു. രണ്ടു സീറ്റുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. എല്‍ഡിഎഫിന്റെ സഹായത്തോടെ ഡിഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ഡിഡിഎഫ് അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്യണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഫുട്‌ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച നാല് അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പരസ്യം നല്‍കിയിട്ടുള്ളത്. വിപ്പ് ലംഘിച്ചാല്‍ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍എംപി പത്രപരസ്യമടക്കം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഈ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നാണ് ഡിഡിഎഫ് നേതൃത്വത്തിന്റെ നിലപാട്. 

കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് അഞ്ചുവര്‍ഷം മുമ്പാണ് ഡിഡിഎഫ് എന്ന പേരില്‍ സ്വതന്ത്ര മുന്നണി രൂപീകരിച്ചത്. 2015ല്‍ ഈ മുന്നണി അധികാരം നേടിയിരുന്നു. അന്ന് 16ല്‍ 10 സീറ്റുകളും സ്വന്തമാക്കിയാണ് ഡിഡിഎഫ് അധികാരത്തിലേറിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com