വസന്തയുടെ പട്ടയം വ്യാജമോ?; മക്കളുടെ പരാതിയില്‍ റവന്യൂ വകുപ്പ് പരിശോധിക്കും, കലക്ടര്‍ റിപ്പോര്‍ട്ട് തേടി

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മക്കളുടെ പരാതിയില്‍ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും
വസന്ത / ടെലിവിഷന്‍ ചിത്രം
വസന്ത / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മക്കളുടെ പരാതിയില്‍ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. നെയ്യാറ്റിന്‍കര തഹസില്‍ദാരോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടി. അതേസമയം മാതാപിതാക്കളെ അടക്കം ചെയ്ത ഭൂമി അന്യാധീനപ്പെട്ട് പോകാതെ മക്കള്‍ക്ക് ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്ത് നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു.

ലക്ഷംവീട് കോളനിയില്‍ രാജനും കുടുംബവും ഒന്നര വര്‍ഷമായി താമസിക്കുന്ന ഭൂമി തന്റേതാണെന്ന് സമീപവാസി വസന്ത ഒരു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുമാണ് സമീപവാസി വസന്തയുടെ അവകാശവാദം. എന്നാല്‍, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരില്‍ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരു പറയുന്നു.

വസ്തു ഒഴിയാന്‍ 6 മാസം മുന്‍പു കോടതി ഉത്തരവിട്ടു. 2 മാസം മുന്‍പ് ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടു. തുടര്‍ന്നാണ് 22 നു പൊലീസും കോടതി അധികൃതരും രാജന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. 

പട്ടികജാതി വിഭാഗത്തിന് അനുവദിച്ച ഭൂമിയാണ് പലരും വിറ്റ് കൈമറിഞ്ഞു പോകുന്നതെന്ന് ആന്‍സലന്‍ എംഎല്‍എ ആരോപിച്ചു. കോടതി ഉത്തരവിനെ എങ്ങനെ നേരിടണമെന്ന് വിശദമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com