രാജഗോപാലും എതിര്‍ത്തില്ല ; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏകകണ്ഠ പ്രമേയം; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളി

ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്
കേരള നിയമസഭ/ എഎന്‍ഐ ചിത്രം
കേരള നിയമസഭ/ എഎന്‍ഐ ചിത്രം

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. ശബ്ദ വോട്ടോടെ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. പ്രമേയത്തെ ആരും എതിര്‍ത്തില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന പ്രതിപക്ഷ നിര്‍ദേശം സഭ തള്ളി. പ്രധാനമന്ത്രി എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നും, കേന്ദ്രസര്‍ക്കാര്‍ എന്നതില്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ പേര് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും, കര്‍ഷക സമരം തീര്‍ക്കാന്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെയും പ്രമേയത്തില്‍ വിമര്‍ശിക്കണമെന്ന് പ്രമേയത്തിന് ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രമേയത്തിലെ ചില എന്ന പ്രയോഗം നീക്കണമെന്ന കെസി ജോസഫിന്റെ നിര്‍ദേശം അംഗീകരിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഗവര്‍ണര്‍ക്ക് എല്ലാക്കാര്യത്തിലും വിവേചനാധികാരമില്ലെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. നിയമസഭ വിളിച്ചുചേര്‍ക്കാന്‍ അനുച്ഛേദം 174 പ്രകാരം ഭൂരിപക്ഷം ഉള്ള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ അനുസരിക്കേണ്ടതാണ്. അതില്‍ വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയെന്നത് ഭരണഘടനപ്രകാരമുള്ള കടമ തന്നെയാണ്. നിലവിലുള്ള സ്ഥിതി ഗവര്‍ണറെ ധരിപ്പിക്കുക, അദ്ദേഹവുമായി ചര്‍ച്ച ചെയ്യുക എന്നതിനെ കാലുപിടുത്തമായി ചിത്രീകരിച്ചത് ശരിയല്ല. കെ സി ജോസഫിന് ഭരണഘടനാ അവബോധം ഇല്ലെന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ഇത്തരം കാര്യങ്ങളില്‍ പരിജ്ഞാനമുള്ളയാലാണ്. മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടതിനെ ഇത്തരത്തില്‍ ചിത്രീകരിച്ചത് എന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്നും കര്‍ഷക വിരുദ്ധമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. പുതിയ നിയമം കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നു. കര്‍ഷകര്‍ക്ക് ന്യായവില നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. കര്‍ഷകരുടെ വിലപേശല്‍ ശക്തി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നഷ്ടമാകും. വിവാദമായ മൂന്ന് നിയമഭേദഗതികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പ്രമേയത്തെ താന്‍ എതിര്‍ത്തില്ലെന്നും, പൊതു അഭിപ്രായത്തെ മാനിച്ചു എന്നും ബിജെപി അംഗം ഒ രാജഗോപാല്‍ വ്യക്തമാക്കി. പ്രമേയം പാസ്സാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാല്‍ വ്യക്തമാക്കി. പ്രമേയത്തിലെ ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ട്. ഇക്കാര്യം സഭയില്‍ അറിയിച്ചു. എങ്കിലും പൊതു വികാരത്തെ മാനിച്ചു. കേരള സഭയുടെ പൊതു വികാരമാണ് പ്രമേയത്തിലുള്ളതെന്നും ബിജെപി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com