'നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല' ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാജഗോപാല്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 31st December 2020 12:08 PM  |  

Last Updated: 31st December 2020 12:11 PM  |   A+A-   |  

bjp mla o rajagopal

ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ത്തിട്ടില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേരള നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ പ്രമേയത്തെ അനുകൂലിച്ചത്. 

പ്രമേയത്തില്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു. അതിന് ശേഷം മറ്റെല്ലാം കൂടിച്ചേര്‍ന്ന സമഗ്രമായ റെസലൂഷനെ പിന്തുണച്ചു. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെ സ്‌റ്റേറ്റില്‍ നിന്ന് ബിജെപിക്കാരനായ ഞാന്‍ എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് എതിര്‍ത്തില്ല എന്ന് രാജഗോപാല്‍ പറഞ്ഞു. 

കേന്ദ്രം പാസ്സാക്കിയ നിയമ പിന്‍വലിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തീര്‍ത്തും എന്നായിരുന്നു മറുപടി. അതുകൊണ്ടാണല്ലോ അനുകൂലിച്ച് വോട്ടു ചെയ്തതെന്നും രാജഗോപാല്‍ പറഞ്ഞു. തന്റെ നിലപാട് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നമുണ്ടാക്കില്ല. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവും വരുന്നില്ല.

എന്റെ അഭിപ്രായത്തില്‍ അങ്ങനെ വരുന്നില്ല. താങ്കളുടെ നിലപാട് കേന്ദ്രസര്‍ക്കാരിനെതിരാണെന്ന് വ്യാഖ്യാനിക്കില്ലേ എന്ന ചോദ്യത്തിന്, അതുകൊണ്ടാണ് വോട്ടു ചെയ്യാതെ, നിഷപക്ഷനായി ഇരുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. പൊതുവായ നിലപാട് നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നുള്ളതാണ്. ആ നിലപാട് താന്‍ സ്വീകരിച്ചു. 

ഇത് ഡെമോക്രാറ്റിക് സ്പിരിറ്റാണെന്നാണ് വിശ്വസിക്കുന്നത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, പാര്‍ട്ടി നിലപാടായിട്ട് ഇഷ്ടമുണ്ടാകില്ലായിരിക്കും. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ കോംപ്രമൈസ് ഒക്കെ വേണം. നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല. അഭിപ്രായ സമന്വയം അനുസരിച്ച് പോകണമെന്ന് രാജഗോപാല്‍ പറഞ്ഞു.