വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2020 04:42 PM  |  

Last Updated: 31st December 2020 04:42 PM  |   A+A-   |  

vyttila flyover

വൈറ്റില ഫ്‌ലൈ ഓവര്‍ / മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

 

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9: 30 ന് വൈറ്റില പാലവും പതിനൊന്ന് മണിക്ക് കുണ്ടന്നൂര്‍ പാലവും ഉദ്ഘാടനം ചെയ്യും. ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയായതോടെയാണ് പാലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. 

സംസ്ഥാനത്തെ കുരുക്കൊഴിയാത്ത ,ഏറ്റവും തിരക്കേറിയ വൈറ്റില ജംക്ഷനും തൊട്ടടുത്തുള്ള കുണ്ടന്നൂരും ഇനി ഇടതടവില്ലാതെ വാഹനങ്ങള്‍ പായും. വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം പണിതിരിക്കുന്നത്. നിര്‍മാണച്ചെലവ് 85 കോടി രൂപ.

2017 ഡിസംബര്‍ പതിനൊന്നിന്  തുടങ്ങിയ നിര്‍മാണം വിവിധ കാരണങ്ങള്‍മൂലം പൂര്‍ത്തീകരണം വൈകി. മെട്രോ പാലവുമായുള്ള ഉയരവ്യത്യാസവും, പാലത്തിന്റെ തുടക്കത്തിലെ ഉയരനിയന്ത്രണവും വിവാദങ്ങളായി. എന്നാല്‍ അഞ്ചര മീറ്റര്‍ ഉയര വ്യത്യാസമുള്ള പാലത്തിലൂടെ വലിയ ഭാരവാഹനങ്ങളടക്കം സുഗമമായി കടന്നുപോകും. അടിയിലെ മൂന്നുഭാഗങ്ങളായി തിരിച്ച റോഡുകളില്‍ സിഗ്‌നല്‍ സംവിധാനവും ഒരുക്കി കഴിഞ്ഞു.

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം. നിര്‍മാണച്ചെലവ് എഴുപത്തിനാലര കോടി രൂപ. 2018 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍ പാലത്തിന്റെ പണി തുടങ്ങിയത്. പാലങ്ങള്‍ക്ക് അധിക ബലത്തിനായി മാസ്റ്റിക് ടാറിങ്ങും നടത്തിയിരുന്നു.