യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളെയും ഇറക്കി വിട്ടു, താമസിച്ച ഷെഡ്ഡ് പൊളിച്ചു നീക്കി, സിസിടിവി ദൃശ്യം പുറത്ത്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 31st December 2020 03:18 PM  |  

Last Updated: 31st December 2020 03:18 PM  |   A+A-   |  

petotionar surumi

സുറുമിയുടെ വീട് അയല്‍ക്കാര്‍ പൊളിച്ചു നീക്കുന്നു / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സംഭവത്തിന്റെ നടുക്കം മാറുംമുമ്പ്, കഴക്കൂട്ടത്തും വീട്ടമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടശേഷം ഇവരുടെ ഷെഡ്ഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കുകയായിരുന്നു. 

കഴക്കൂട്ടം സൈനിക് നഗറില്‍ ഈ മാസം 17 നായിരുന്നു സംഭവം. പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന സുറുമി എന്ന യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍മക്കളെയുമാണ് താമസിച്ചിരുന്ന ഷെഡ്ഡില്‍ നിന്നും ഇറക്കി വിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കാര്യമായ നടപടിയെടുത്തിരുന്നില്ല. സംഭവസ്ഥലത്തെത്തി വീഡിയോ എടുത്തശേഷം മടങ്ങുക മാത്രമാണ് ഉണ്ടായതെന്ന് യുവതി പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ സ്ഥലത്ത് മക്കളുമൊത്ത് താമസിക്കുകയാണെന്നും, അതിക്രമത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നതായും സുറുമി പറയുന്നു.

ഷംനാദ്, ദില്‍ഷാദ് എന്നീ രണ്ട് അയല്‍ക്കാര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍ക്കാര്‍ അവരുടെ വീട്ടിലേക്കുള്ള വഴി വിപുലപ്പെടുത്താനായി, പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന തങ്ങളുടെ ഷെഡ്ഡ് പൊളിച്ചു കളയുകയായിരുന്നു എന്നും യുവതി പറയുന്നു.