കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്ക് 50,000 രൂപ നല്‍കുമെന്ന് വ്യാജവാര്‍ത്ത; ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ നാട്ടുകാരുടെ തിക്കും തിരക്കും

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും 50,000 രൂപ വീതം ലഭിക്കുമെന്നാണ് ഇവര്‍ അറിഞ്ഞത്
കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്ക് 50,000 രൂപ നല്‍കുമെന്ന് വ്യാജവാര്‍ത്ത; ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ നാട്ടുകാരുടെ തിക്കും തിരക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 50,000 രൂപ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ഒന്നടങ്കം ഓടിപ്പാഞ്ഞ് എത്തി. താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും വലിയ തിരക്കായി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പോലും അറിഞ്ഞിട്ടില്ല ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച്. ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നല്‍കാനായിരുന്നു തിക്കിത്തിരക്കു മുഴുവന്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് നൂറുകണക്കിന് ആളുകള്‍ വ്യാജവാര്‍ത്തയില്‍ വീണുപോയത്.

അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പം. സംസ്ഥാന വനിതാശിശുവികസന വകുപ്പ് ദുരിതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ധനസഹായമാണിതെന്നാണ് പ്രചരിച്ച വ്യാജവിവരം.  അപേക്ഷിക്കുന്ന എല്ലാവര്‍ക്കും 50,000 രൂപ വീതം ലഭിക്കുമെന്നാണ് ഇവര്‍ അറിഞ്ഞത്. ഇത് കേട്ടതോടെയാണ് എല്ലാവരും അപേക്ഷ നല്‍കാന്‍ എത്തിയത്.

അപേക്ഷ  വനിതാശിശുവികസന വകുപ്പിലേക്ക് അയക്കാനായി പോസ്റ്റ് ഓഫീസിലും തിക്കും തിരക്കും അനുഭവപ്പെട്ടു. അയല്‍പക്കക്കാരും ബന്ധുക്കളുമൊക്കെയായി പരസ്പരം പറഞ്ഞുകേട്ട അറിവു മാത്രമേ എല്ലാവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. കേന്ദ്രസര്‍ക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ല, അതിജീവിക സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നും അരലക്ഷം സഹായം കിട്ടില്ലെന്നുമെല്ലാം വരുന്നവരെ ബോധവല്‍ക്കരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ താലൂക്ക് ഓഫീസിലെ ജീവനക്കാരും പൊലീസും. എന്നാല്‍ പലരും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.

കഴിഞ്ഞ ഡിസംബര്‍ 31ന് അപേക്ഷ കാലാവധി അവസാനിച്ച പദ്ധതിയാണ് അതിജീവിക എന്നും ഇപ്പോള്‍ ഇത്തരത്തില്‍ ഒരു അപേക്ഷയും ക്ഷണിച്ചിട്ടില്ലെന്നും വനിതാശിശുക്ഷേമവകുപ്പ് വിശദീകരിച്ചു. എന്തായാലും രണ്ട് ദിവസം കൊണ്ട് കാട്ടാക്കടയില്‍ നിന്നും ഇങ്ങനെ ഇല്ലാത്ത പദ്ധതിക്ക് അപേക്ഷിച്ചത് 3000 അധികം പേരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com