ക്ലാസില്‍വച്ച് കാലില്‍ എന്തോ തടഞ്ഞു; നോക്കിയപ്പോള്‍ നീളന്‍ അണലി; ഒച്ചയിട്ടപ്പോള്‍ അധ്യാപകരെത്തി; തല്ലിക്കൊന്നു

ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ  ക്ലാസ് മുറിയില്‍ പാമ്പുകയറി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ  ക്ലാസ് മുറിയില്‍ പാമ്പുകയറി. വിദ്യാര്‍ഥിനികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് അധ്യാപകരെത്തി തല്ലിക്കൊന്നു. അണലി ഇനത്തില്‍പ്പെട്ട  ഒന്നരടി നീളമുള്ള പാമ്പാണ് കയറിയത്. പാമ്പിനെ കത്തിച്ചുകളഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമുള്ള രണ്ടാമത്തെ പീരിയഡിനിടെ സ്‌കൂളിലെ പഴയ കെട്ടിടത്തിലെ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ സയന്‍സ് ക്ലാസിലാണ് സംഭവം. കാലില്‍ എന്തോ തടയുന്നതുപോലെ തോന്നിയ ഒരു കുട്ടി നോക്കിയപ്പോള്‍ പാമ്പിനെ കണ്ടു. കുട്ടി ഒച്ചവച്ചതോടെ ചില കുട്ടികള്‍ ബഞ്ചിന് മുകളിലേക്ക് കയറി. ചിലര്‍ പുറത്തേക്കോടി. ബഹളം കേട്ടു സമീപത്തെ ക്ലാസിലെ കുട്ടികളും അധ്യാപകരുമെത്തി. പാമ്പിനെ ബഞ്ചിനടിയില്‍ നിന്നു പുറത്തേക്ക് തട്ടിയിട്ട ശേഷം തല്ലിക്കൊന്നു.

സ്‌കൂള്‍ മുറ്റത്തിന്റെ പലഭാഗങ്ങളും കാടുപിടിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മുന്‍സിപ്പല്‍ ജീവനക്കാരെത്തി പുല്ലുവെട്ടിയൊതുക്കി.ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ വിഭാഗത്തിലെ മൂന്ന് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതു പണ്ടു ഹൈസ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന്റെ പിന്നില്‍ വീഴാറായ പഴയകഞ്ഞിപ്പുരയുണ്ട്. ഇതിന്റെ പരിസരം വൃത്തിഹീനമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com