പതിവുപോലെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കി; കേന്ദ്ര ബജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത അവഗണന: രമേശ് ചെന്നിത്തല

കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പതിവുപോലെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കി; കേന്ദ്ര ബജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത അവഗണന: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് വീഴുന്ന രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളൊന്നും ബജറ്റിലില്ല. ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച പ്രതീതി ഉണ്ടാക്കിയെങ്കിലും അത് എന്തു മാത്രം പ്രയോജനം ചെയ്യുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അത് പരിഹരിക്കുന്നതിനും നടപടി ഇല്ല. വന്‍തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്ക് പകരം ചില്ലറ പൊടിക്കൈ പ്രയോഗമേ ഉള്ളൂ. പതിവ് പോലെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കിയിരിക്കുകയാണ്. ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങളെ ചില്ലറ വിലയ്ക്ക വിറ്റു തുലയ്ക്കുന്ന നടപടി അടുത്ത വര്‍ഷവും തുടരുകയാണ്.

എയിംസ് ഉള്‍പ്പടെ കേരളം ചോദിച്ചതൊന്നും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കും. റബ്ബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്ര ബ്ജറ്റ് സംസ്ഥാനത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ അവഗണിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ബജറ്റിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

മാന്ദ്യം നേരിടാന്‍ ഇത്തവണയും ഒന്നുമില്ല. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി സംവിധാനത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കുകയും ചെയ്‌തെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് കേരളത്തിന് 10,000 കോടി രൂപ കുറച്ചു. പദ്ധതിക്ക് പണം കൂട്ടണമെന്ന് എല്ലാ സംസ്ഥാന ധനമന്ത്രിമാരും ആവശ്യപ്പെട്ടതാണ്. കേരളത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വര്‍ഷത്തെ 17872 ല്‍ നിന്ന് 15236 കോടിയായി കുറഞ്ഞു. 2000ത്തിലധികം കോടി രൂപയാണ് വിഹിതത്തില്‍ കുറഞ്ഞത്.

റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്. മുതലാളിമാര്‍ക്ക് നികുതിയിളവ് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് കാശില്ല എന്നു പറഞ്ഞ് നാടിന്റെ സ്വത്ത് ഇതേ മുതലാളിമാര്‍ക്ക് വില്‍ക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com