മോഷണക്കേസില്‍ 47 ദിവസം ജയിലില്‍; വീട്ടില്‍ നിന്ന് പുറത്തായി, ജോലി നഷ്ടപ്പെട്ടു; അവസാനം യഥാര്‍ത്ഥ പ്രതി പിടിയില്‍

ജയില്‍ മോചിതനായെങ്കിലും കള്ളന്‍ എന്ന പേരുവീണതോടെ വീട്ടില്‍ നിന്ന് പുറത്തായി, ജോലിയും നഷ്ടപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാവേലിക്കര; മാലമോഷ്ടിച്ചെന്ന കുറ്റം ചുമത്തി 47 ദിവസമാണ് രമേശ്കുമാര്‍ ജയിലില്‍ കഴിഞ്ഞത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ കള്ളന്‍ കുറ്റം ഏറ്റു പറഞ്ഞിരിക്കുകയാണ്. എന്നാല്‍ അപ്പോഴേക്കും രമേശ്കുമാറിന്റെ ജീവിതം തെരുവിലായി. ജയില്‍ മോചിതനായെങ്കിലും കള്ളന്‍ എന്ന പേരുവീണതോടെ വീട്ടില്‍ നിന്ന് പുറത്തായി, ജോലിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ കടത്തിണ്ണയില്‍ കഴിയുകയാണ് ഈ 59കാരന്‍. ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കല്‍ ജി രമേശ്കുമാറാണ് ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കുന്നത്.

പുളിമൂട്ടില്‍ കാര്‍ത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശിനെ അറസ്റ്റുചെയ്തത്. നവംബര്‍ 12 ന് പുലര്‍ച്ചെയായിരുന്നു സംഭവം. മാലപൊട്ടിച്ചയാള്‍ രമേശ്കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറുന്നത് കണ്ടതായി കാര്‍ത്ത്യായനി മൊഴിനല്‍കി. ഇതോടെ രമേശ്കുമാര്‍ കേസില്‍ പ്രതിയായി. 47 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. മോഷണക്കേസില്‍ പെട്ടതോടെ വീട്ടുകാര്‍ കയ്യൊഴിഞ്ഞു. കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവര്‍ ജോലിയും നഷ്ടമായി. മോഷണ കേസില്‍ പ്രതിയായിരുന്നതിനാല്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടും ആരും സഹായിച്ചില്ല. തന്റെ പേരില്‍ നാളിതുവരെ പെറ്റികേസുപോലും ഉണ്ടായിട്ടില്ലെന്ന് രമേശ് പറയുന്നത്.

സംഭവം നടന്ന മാസങ്ങള്‍ക്ക് ശേഷമാണ് മോഷണക്കേസില്‍ കായംകുളം മേനാമ്പള്ളി സ്വദേശി നിധിന്‍ അറസ്റ്റിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ത്ത്യായനിയുടെ മാല പൊട്ടിച്ചത് താനാണെന്ന് മൊഴി നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളി തെറ്റ് ഏറ്റുപറഞ്ഞിട്ടും രമേശ്കുമാറിനെതിരേ മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതേപ്പറ്റി കൂടുതല്‍ വിശദീകരിക്കാന്‍ മാവേലിക്കര പൊലീസ് തയാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com