'ലിസി മെട്രോ സ്‌റ്റേഷന്റെ പേരു മാറ്റരുത്'; എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

'മെട്രോ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് പോകുന്നതിന് സുരക്ഷിതമായ നടപ്പാത പോലും ഇല്ല'
'ലിസി മെട്രോ സ്‌റ്റേഷന്റെ പേരു മാറ്റരുത്'; എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

കൊച്ചി; ലിസി മെട്രോ സ്‌റ്റേഷന്റെ പേര് മാറ്റാനുള്ള കെഎംആര്‍എല്ലിന്റെ തീരുമാനത്തിനെതിരേ എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്ത്. പേരു മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ഇത് യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. ലിസി മെട്രോ സ്‌റ്റേഷന്റെ പേര് ഫെബ്രുവരി ഒന്നു മുതല്‍ ടൗണ്‍ഹാള്‍ സ്റ്റേഷന്‍ എന്നാക്കും എന്നാണ് കെഎംആര്‍എല്‍ അറിയിച്ചതിന് പിന്നാലെയാണ് എതിര്‍പ്പുമായി എംപി രംഗത്തെത്തിയത്.

മെട്രോ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് പോകുന്നതിന് സുരക്ഷിതമായ നടപ്പാത പോലും ഇല്ലാത്തിടത്തോളം പേരു മാറ്റുന്നതിന് തക്കതായ ന്യായീകരണമില്ലെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രസൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നഗരത്തിലെ ഏറ്റവും പഴക്കംചെന്ന ആശുപത്രിയില്‍ ചികിത്സക്കായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് എത്തുന്നത്.

വര്‍ഷങ്ങളായി ലിസി ജംഗ്ഷന്‍ എന്നാണ് അവിടം അറിയപ്പെടുന്നത്. മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പിനും ഇതേ പേരാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജെല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്റെ പേര് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷന്‍ എന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് യാത്രക്കാര്‍ക്ക് സ്ഥലം മനസിലാക്കാന്‍ എളുപ്പത്തില്‍ സഹായകമാകുമെന്നാണ് ഹൈബി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com