ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്കും കൊറോണ ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി ; നാലുപേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 04:29 PM  |  

Last Updated: 02nd February 2020 04:29 PM  |   A+A-   |  


ആലപ്പുഴ : കൊറോണ ബാധയുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആള്‍ക്കും വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നാലുപേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആലപ്പുഴയില്‍ ഇതുവരെ 124 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി അടക്കം നാലുപേര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നുപേര്‍ ചൈനയില്‍ നിന്നും വന്നവരാണെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ട് രോഗികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മികച്ച പുരോഗതിയുണ്ട്.  ശേഷിക്കുന്ന 120 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ചികില്‍സയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കും. കൊറോണയുമായി ബന്ധപ്പെട്ട് ആരും പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും, നിപ്പയെ നേരിട്ടതുപോലെ കൊറോണയെയും നമുക്ക് നേരിടാനാകുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തുനിന്നും വരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. നമ്പര്‍ ഒന്നും ലഭിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ വിവരം അറിയിക്കണം. ആരും വിവരം മറച്ചുവെക്കരുത്. 28 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കൊറോണയുടെ വ്യാപനം തടയുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് നിരീക്ഷണം 28 ദിവസമായി നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.  ഇന്നുമുതല്‍ ഇവിടെ നിന്നും പരിശോധിക്കാനാകും. ഇതോടെ ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാകുമെന്നും, വേഗത്തില്‍ റിസള്‍ട്ട് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ കൊറോണബാധയെക്കുറിച്ച് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആരോഗ്യമന്ത്രി ആലപ്പുഴയിലെത്തി ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു. സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.