ചന്തയിൽ നിന്നും  130 രൂപയ്ക്ക് മീൻ വാങ്ങി ; മുറിച്ചപ്പോൾ പുറത്തേക്കു വന്നത്  തുരുതുരെ പുഴുക്കൾ ; വിൽപ്പനക്കാരൻ മുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 10:29 AM  |  

Last Updated: 02nd February 2020 10:29 AM  |   A+A-   |  

 

തിരുവനന്തപുരം : ചന്തയിൽ നിന്നു വാങ്ങിയ മീൻ വീട്ടിലെത്തി മുറിച്ചപ്പോൾ പുറത്തേക്കു വന്നത്  തുരുതുരെ വെളുത്ത നിറത്തിലുള്ള  പുഴുക്കൾ.  പോത്തൻകോട് ചന്തയിൽ നിന്നും കാട്ടായിക്കോണം മേലേവിള നവനീതത്തിൽ  പ്രിയ വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്.  130 രൂപ നൽകി വാങ്ങിയ ചൂരമീനിലാണ് നുരയുന്ന പുഴുക്കളെ കണ്ടത്. ഉടനെ തിരികെ ചന്തയിൽ എത്തിയെങ്കിലും വിൽപ്പനക്കാരനെ കണ്ടില്ല. മറ്റു വിൽപനക്കാരും മോശമായാണ് പെരുമാറിയതെന്നു പ്രിയ പറയുന്നു.

ഇതോടെ പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രിയ പരാതി നൽകുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിർദേശ പ്രകാരം വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചന്തയിൽ എത്തിയെങ്കിലും വിൽപന നടത്തിയയാളെ കണ്ടെത്താനായില്ല. മുൻപും പോത്തൻകോട് മൽസ്യ മാർക്കറ്റിൽ നിന്നു വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തിയിരുന്നു. കേടായ മൽസ്യങ്ങളിൽ മണൽ പൊതിഞ്ഞ് വിൽക്കുന്നത് പലവട്ടം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിലക്കിയെങ്കിലും വിൽപ്പനക്കാർ ഇപ്പോഴും നിർദേശം ചെവിക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.

മണലും ഐസ് വെള്ളവും സമീപത്തുതന്നെ ഒഴുക്കിവിടുന്നതും പതിവാണ്. സംഭവത്തിൽ വിൽപനക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.  മായം കലർന്നതും കേടായതുമായ മീനുകൾ മണൽ വിതറി വിൽക്കുന്നത് തടയാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൂട്ടി കർശന പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.