രണ്ടാമത്തെ കൊറോണ കേസ് ആലപ്പുഴയില്‍ ; നിഗമനം മാത്രം, അന്തിമ റിസള്‍ട്ട് വൈകീട്ടോടെ ലഭിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 11:15 AM  |  

Last Updated: 02nd February 2020 11:26 AM  |   A+A-   |  

 

തിരുവനന്തപുരം : കേരളത്തില്‍ നിന്നും രണ്ടാമത്തെ കൊറോണ വൈറസ് ബാധ സംബന്ധിച്ച സംശയം ഉയര്‍ന്നിട്ടുള്ളത് ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയ്ക്കാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊറോണ പടര്‍ന്നുപിടിച്ച വുഹാനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സംശയിക്കുന്നത്. എന്നാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അന്തിമ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇന്നു വൈകീട്ടോടെ റിസള്‍ട്ട് ലഭിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഈ കുട്ടിക്ക് വൈറസ് പരിശോധന റിസള്‍ട്ട് പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ് കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം സര്‍ക്കാരിന് ലഭിച്ചിട്ടില്ല. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. ഈ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. 24 നാണ് വിദ്യാര്‍ത്ഥി കേരളത്തിലെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. രോഗിയെ ഡല്‍ഹി എന്നല്ല, എവിടേക്കും മാറ്റുന്ന പ്രശ്‌നമില്ലെന്നും സംസ്ഥാനത്തു തന്നെ ചികില്‍സിക്കുമെന്നും മന്ത്രി അറിയിച്ചു.

ചൈനയിലെ വുഹാനില്‍ പഠിക്കാന്‍ പോയവര്‍ ഏറെയും മലയാളികളാണ്. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിച്ച് വരികയാണ്. ചൈനയില്‍ നിന്നും നാട്ടിലെത്തിയവരുമായി ഇടപഴകിയ വീട്ടുകാരെയും  ഹോം ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷിച്ച് വരികയാണ്. പരമാവധി പേരും ആരോഗ്യവകുപ്പിനോട് സഹകരിക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നും അയച്ച 59 സാംപിളുകളില്‍ 24 എണ്ണത്തിലാണ് റിസള്‍ട്ട് കിട്ടിയത്. ഇതില്‍ ഒന്നു മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ പകരുന്ന വൈറസാണ് കൊറോണ. വൈറസ് ബാധയ്ക്ക് പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വിശ്രമമാണ് പ്രധാനം. മറ്റുള്ളവരിലേക്ക് വേഗം പടര്‍ന്നുപിടിക്കുന്ന വൈറസാണിത്. അതിനാല്‍ ഐസൊലേഷന്‍ കര്‍ശനമായി പാലിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സക്തസാംപിള്‍ പരിശോധിക്കുന്നത്. ഇതിന്റെ റിസള്‍ട്ട് കിട്ടാന്‍ വൈകുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയെ വിളിച്ച് റിസള്‍ട്ട് വേഗം കിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ആലപ്പുഴയിലെ ലബോറട്ടറിയില്‍ പരിശോധിക്കാന്‍ പറ്റില്ല. ഇതിനുള്ള അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍, തിങ്കളാഴ്ചയോടെ  വൈറോളജി ലാബില്‍ പരിശോധന നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വേഗത്തില്‍ റിസള്‍ട്ട് ലഭിക്കാന്‍ സാഹചര്യം ഒരുങ്ങും. നിലവില്‍ നിരീക്ഷണത്തിലുള്ളവരെയെല്ലാം രോഗസാധ്യത കണക്കിലെടുത്തുള്ള ചികില്‍സയും പ്രത്യേക ശ്രദ്ധയുമാണ് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ രണ്ടാമത്തെ ആള്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ, സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് അടിയന്തരമായി നടപ്പാക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് 1793 പേരാണ് കൊറോണയില്‍ നിരീക്ഷണത്തിലുള്ളത്. രോഗ ബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.